ഓർമ്മയിൽ ജിമ്മി ഗ്രീവ്സ്

Friday 24 September 2021 12:26 AM IST

ആദ്യമായും അവസാനമായും ഇംഗ്ളണ്ട് കിരീടം നേടിയ 1966ലെ ലോകകപ്പ് ടീമിൽ അംഗമായിട്ടും അന്നത്തെ ഫൈനലിൽ കളിക്കാൻ കഴിയാത്തതിന്റെ സങ്കടവുമായി കഴിഞ്ഞ ജിമ്മി ഗ്രീവ്സ് 81–ാം വയസിൽ ഓർമ്മയായി. ഗ്രീവ്സിന്റെ ക്ളബായിരുന്ന ടോട്ടൻഹാം ഹോട്സ്പറാണ് മരണവാർത്ത പുറത്തു വിട്ടത്.

379 കളികളിൽ 266 ഗോളുകളുമായി ടോട്ടനത്തിന്റെ റെക്കോർഡ് ഗോൾ സ്കോററാണ് ഗ്രീവ്സ് . ഇംഗ്ലണ്ടിനു വേണ്ടി 57 മത്സരങ്ങളിൽ നിന്നു നേടിയത് 44 ഗോളുകൾ. ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി കൂടുതൽ ഹാട്രിക് നേടിയതാരവും ഗ്രീവ്സാണ്.ആറു തവണയാണ് ഗ്രീവ്സിന്റെ ബൂട്ടിൽ നിന്ന് ഹാട്രിക്ക് പിറന്നത്. ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ കൂടുതൽ ഗോൾ (357) നേടിയ താരമായ ഗ്രീവ്സ് ചെൽസി, എ.സി മിലാൻ, വെസ്റ്റ് ഹാം യുണൈറ്റ‍ഡ് ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

1966 ലോകകപ്പ് ഫൈനൽ ഗ്രീവ്സിനു കളിക്കാനാവാതെ പോയത് പരിക്കുകാരണമാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ഗ്രീവ്സ് കളിച്ചു. ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ ജോസഫ് ബോണലിന്റെ കടുത്ത ഫൗളിൽ കാലിന് പരുക്കേറ്റത് ഗ്രീവ്സിന് തിരിച്ചടിയായി. 14 തുന്നലുകളാണ് വേണ്ടി വന്നത്. ക്വാർട്ടറിൽ ഗ്രീവ്സിനു പകരമിറങ്ങിയ ജെഫ് ഹേഴ്സ്റ്റ് അർജന്റീനയ്ക്കെതിരെ ടീമിന്റെ വിജയഗോൾ നേടിയതോടെ പരിശീലകൻ ആൽഫ് റാംസി തുടർന്ന് ഫൈനലിൽവരെ ഹേഴ്സ്റ്റിന് അവസരം നൽകി. പരുക്കിൽ നിന്നു മുക്തനായിട്ടും ഗ്രീവ്സ് ബെഞ്ചിലിരിക്കേണ്ടിവന്നു.

വെംബ്ലി സ്റ്റേഡിയത്തിൽ ഹേഴ്സ്റ്റിന്റെ ഹാട്രിക്കിൽ പശ്ചിമ ജർമനിയെ 4–2നു തകർത്ത് ഇംഗ്ലണ്ട് വിജയമാഘോഷിച്ചപ്പോൾ ആഹ്ലാദക്കൂട്ടത്തിലെ ഏകാകിയായി ഗ്രീവ്സ്. കളിച്ച 11 പേർക്കു മാത്രമേ മെഡൽ ലഭിക്കൂ എന്ന അന്നത്തെ നിയമം അനുസരിച്ച് ഗ്രീവ്സിനു ലോകകപ്പ് ജേതാക്കൾക്കുള്ള മെഡലും കിട്ടിയില്ല. പിന്നീട് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ക്യാമ്പെയ്ൻ നടത്തിയാണു ഗ്രീവ്സിനും മറ്റു കളിക്കാർക്കും മെഡൽ നേടിക്കൊടുത്തത്. എന്നാൽ, കളിച്ചു നേടാത്ത ആ മെഡൽ ഗ്രീവ്സിനെ സന്തോഷിപ്പിച്ചില്ല. 2014ൽ അദ്ദേഹം ആ മെഡൽ ലേലത്തിനു വച്ചു. 44,000 പൗണ്ടിന് (ഇന്നത്തെ ഏകദേശം 44 ലക്ഷം രൂപ). ലേലത്തിൽപ്പോയി.

2015ൽ മസ്തിഷ്കാഘാതമുണ്ടായതിനു ശേഷം വിശ്രമത്തിലായിരുന്നു. ഭാര്യ: ഐറീൻ ബാർഡീൻ.അഞ്ചു മക്കളുണ്ട്.

ഗ്രീവ്സും ഗാരിഞ്ചയും ഒരു നായയും

1962 ലോകകപ്പിലും ഗ്രീവ്സ് ഇംഗ്ലണ്ടിനു വേണ്ടി കളിച്ചെങ്കിലും അദ്ദേഹം ഓർമിക്കപ്പെടുന്നതു കൗതുകകരമായ ഒരു ദൃശ്യത്തിന്റെ പേരിലാണ്. ബ്രസീലിനെതിരെയുള്ള മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിയെത്തിയ ഒരു നായയെ പിടികൂടിയതു ഗ്രീവ്സാണ്. നായ ഗ്രീവ്സിന്റെ ജഴ്സിയിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഈ നായയെ പിന്നീടു ബ്രസീൽ താരം ഗാരിഞ്ച വീട്ടിലേക്കു കൊണ്ടു പോയി ഓമനയായി വളർത്തി; ലോകകപ്പ് വിജയത്തിന്റെ സ്മരണ പോലെ!