ഈഴവ ശാന്തിക്ക് അയിത്തം കൽപ്പിച്ച് പ്രമാണിമാർ

Friday 24 September 2021 1:07 AM IST

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചിറ്റുമല ക്ഷേത്രത്തിലെ ഈഴവനായ കീഴ്ശാന്തിക്കാരനെയും ജീവനക്കാരെയും ജാതിയുടെ പേരിൽ ആക്ഷേപിക്കുന്നതായി പരാതി നൽകിയിട്ടും നടപടിയില്ല. മൺറോത്തുരുത്ത് സ്വദേശിയായ കീഴ്ശാന്തിയിൽ നിന്ന് പ്രസാദം പോലും വാങ്ങാതെയാണ് ഒരുകൂട്ടർ ജാതി അധിക്ഷേപം വിനോദമാക്കിയിരിക്കുന്നത്.

പിന്നാക്ക ശാന്തിക്കാരെ വേണ്ടെന്ന വിചിത്ര ആരോപണവുമായി ചിലർ സമീപച്ചതിനെ തുടർന്ന് 2019ൽ ദേവസ്വത്തിലെ ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. കൃത്യമായ മാനദണ്ഡങ്ങളില്ലാതെ നടത്തിയ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ദേവസ്വം ബോർഡിലെ ഈഴവ ശാന്തിമാർ നൽകിയ ഹർജിയെത്തുടർന്ന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെയാണ് ചിറ്റുമല ക്ഷേത്രത്തിലെ കീഴ്ശാന്തിയുടെ ദുരിതകാലം ആരംഭിക്കുന്നത്.

ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ കുന്നിറങ്ങി ചെല്ലുന്ന സർപ്പക്കാവിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പൂജ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, പൂജയ്ക്കായി രസീത് എഴുതിയാൽ നടത്തണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്. സ്ഥലത്തെ ഒരു പ്രമാണി എല്ലാ ദിവസവും സർപ്പ പൂജയ്ക്കായി 35 രൂപയുടെ രസീത് എഴുതി പൂജ നടത്തിക്കും. എന്നാൽ, പ്രസാദം വാങ്ങാൻ എത്തുകയുമില്ല. തിടപ്പള്ളിക്ക് ചുറ്റും കൂടിനിന്ന് ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതും പതിവാണെന്ന് ശാന്തിക്കാരനായ യുവാവ് പറയുന്നു. ഈഴവരായ അഞ്ച് ജീവനക്കാരും സമാനമായ പരിഹാസങ്ങൾക്ക് ഇരയാകുന്നതായി ആരോപണമുണ്ട്.

പീഡനങ്ങൾ അതിരുകടന്നതോടെ 2019ൽ യുവാവ് ദേവസ്വം ബോർഡിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു. 2021 മാർച്ചിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആറ് മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

Advertisement
Advertisement