ഇൻഡൽമണി എൻ.സി.ഡികൾ പുറത്തിറക്കി; ലക്ഷ്യം ₹75 കോടി

Friday 24 September 2021 3:42 AM IST

കൊച്ചി: സ്വർണപ്പണയ രംഗത്തെ പ്രമുഖ എൻ.ബി.എഫ്.സിയായ ഇൻഡൽമണി സെക്വർ ചെയ്‌തതും അല്ലാത്തതുമായ എൻ.സി.ഡികൾ (കടപ്പത്രം) പുറത്തിറക്കി. 1,000 രൂപവീതം മുഖവിലയുള്ള എൻ.സി.ഡികളുടെ പബ്ളിക് ഇഷ്യൂ ആണ് ഇന്നലെ തുടങ്ങിയത്. ഒക്‌ടോബർ 18ന് അവസാനിക്കും. ഇവ ബി.എസ്.ഇയിൽ രജിസ്‌റ്റർ ചെയ്യും.

കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കിലും 150 കോടി രൂപയാണ് കൂടിയ പരിധി. ഇഷ്യൂകൾക്ക് ക്രിസിൽ/ബി.ബി.ബി സ്‌റ്റേബിൾ റേറ്റിംഗുണ്ട്. കുറഞ്ഞ അപേക്ഷാത്തുക 10,000 രൂപ. സെക്വർ ചെയ്തവയുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയാണ്. സെക്വർ അല്ലാത്തവയുടേത് 61 മുതൽ 71 മാസംവരെ. 71 മാസംകൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്‌കീമുമുണ്ട്. വിവ്‌റോ ഫിനാൻഷ്യൽ സർവീസസിനാണ് ഇഷ്യുവിന്റെ മുഖ്യ കൈകാര്യച്ചുമതല. സ്വർണപ്പണയ വായ്പാരംഗത്ത് പ്രവർത്തനം ശക്തമാക്കാനാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയതെന്ന് ഇൻഡൽമണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.