ട്രെയിനിൽ 2.16 കോടിയുടെ സ്വർണം, രണ്ട് പേർ അറസ്റ്റിൽ

Friday 24 September 2021 2:15 AM IST

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 4.928 കിലോ സ്വർണവുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മുംബയ് സ്വദേശികളായ ഉത്തം ഗോറൈ (32), മെനസ് ജന (31) എന്നിവരാണ് അറസ്റ്റിലായത്. വിപണിയിൽ 2.16 കോടി വിലവരുമെന്ന് ആർ.പി.എഫ് അറിയിച്ചു.

ഹൈദരാബാദ് - തിരുവനന്തപുരം ശബരി എക്സ്‌പ്രസിന്റെ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ നിന്നാണ് സ്വിസ് മെയ്ഡ് ഗോൾഡ് ബിസ്‌കറ്റും ആഭരണങ്ങളും പിടികൂടിയത്. ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. കഴിഞ്ഞമാസം ഹൈദരാബാദിൽ നിന്ന് എത്തിച്ച അഞ്ച് സ്വിസ് മെയ്ഡ് സ്വർണ ബിസ്‌കറ്റുകൾ പാലക്കാട്ടു നിന്ന് ആർ.പി.എഫ് കുറ്റാന്വേഷണവിഭാഗം പിടിച്ചെടുത്തിരുന്നു. ആർ.പി.എഫ് കമൻഡാന്റ് ജെതിൻ ബി. രാജിന്റെ നിർദ്ദേശപ്രകാരം സി.ഐ കെ.രോഹിത് കുമാർ, കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് പി.ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, കെ.സജു, കോൺസ്റ്റബിൾമാരായ ഒ.കെ. അജീഷ്, വി. സവിൻ, കസ്റ്റംസ് ഹവിൽദാർ വി. അനിൽകുമാർ, ഡ്രൈവർ കെ.മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.