കോട്ടയം നഗരസഭയിൽ നിർണായക നീക്കങ്ങൾ, യു ഡി എഫിന് ഭരണം നഷ്ടമാകാൻ സാദ്ധ്യത, എൽ ഡി എഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ ബി ജെ പി
കോട്ടയം: നഗരസഭയിൽ യു ഡി എഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തെ ബി ജെ പി പിന്തുണയ്ക്കും. ബി ജെ പിയുടെ എട്ട് അംഗങ്ങൾക്കും വിപ്പ് നൽകി. നേരത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ യു ഡി എഫ് തീരുമാനിച്ചിരുന്നു. ഡി സി സി പ്രസിഡന്റ് നേരിട്ടാണ് യു ഡി എഫ് അംഗങ്ങൾക്കു വിപ്പ് നൽകിയത്. കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് പാർട്ടിയുടെ നിര്‍ദ്ദേശം. ഭരണസ്തംഭനം ആരോപിച്ചാണ് എൽ ഡി എഫ് ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണ് കോട്ടയം നഗരസഭയിലുള്ളത്. അതിനാൽ തന്നെ എട്ട് അംഗങ്ങളുള്ള ബി ജെ പിയുടെ നിലപാട് നിർണായകമാണ്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയ ബിൻസി സെബാസ്റ്റ്യനാണ് നഗരസഭ ചെയർപേഴ്സൻ. ബിൻസി ചെയർപേഴ്സൺ ആകുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുകളുണ്ടായിരുന്നു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.