മുത്ത് അല്ല മാല തന്നെ വേറെയെന്ന് പൊലീസ്; ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയി, ഇപ്പോൾ ഉപയോഗിക്കുന്നത് പകരം വച്ചത്

Friday 24 September 2021 5:55 PM IST

കോട്ടയം: വിവാദമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ കേസിൽ ക്ഷേത്രത്തിൽ ഉപയോഗിച്ചിരുന്ന സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയെന്ന് പൊലീസിന്റെ സ്ഥിരീകരണം. ഇപ്പോൾ ഉപയോഗിക്കുന്ന 72 മുത്തുള‌ള മാല പകരം വച്ചതാണ്. വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് പൊലീസ് ഇത് കണ്ടെത്തിയത്.

തിരുവിതാംകൂർ ദേവസ്വംബോർഡ് അധീനതയിലുള‌ള ക്ഷേത്രത്തിലെ മാലയിലെ ഒൻപത് മുത്തുകൾ മാത്രമാണ് നഷ്‌ടമായതെന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത്‌കുമാർ ദേവസ്വത്തിന് നൽകിയ റിപ്പോർട്ട്. എന്നാൽ വിവാദമുണ്ടായ ശേഷമാണ് 72 മുത്തുള‌ള ഈ മാല രജിസ്‌റ്ററിൽ ചേർത്തതെന്ന് പൊലീസ് കണ്ടെത്തി. ജൂലായ് മാസത്തിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റ സമയത്താണ് രുദ്രാക്ഷ മുത്തുള‌ള സ്വർണം കെട്ടിയ മാല കാണാതായെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് മുൻ മേൽശാന്തിക്കെതിരെ ക്രിമിനിൽ നടപടിയെടുക്കാനും ദേവസ്വം തീരുമാനിച്ചു. മാല നഷ്‌ടമായ വിവരം ബോർഡിനെ അറിയിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമെടുത്തു.

തിരുവാഭരണം കമ്മീഷണർ എസ്.അജിത് ‌കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസി.കമ്മീഷണർ, ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. അതേസമയം മുൻ മേൽശാന്തി കേശവൻ സത്യേശ് താൻ ചുമതലയേറ്റെടുക്കുമ്പോഴും 72 മുത്തുള‌ള മാലയാണെന്ന് പൊലീസിന് മൊഴി നൽകി. വേണ്ടത്ര വലിപ്പമില്ലാത്തതുകൊണ്ട് വിഗ്രഹത്തിൽ താൻ മാല ചാർത്തിയിരുന്നില്ലെന്നും കേശവൻ സത്യേശ് അറിയിച്ചു. തിരുവാഭരണത്തിലെ 23 ഗ്രാം സ്വർണമാല കാണാത്തതിന് മോഷണ കേസും പൊലീസ് എടുത്തിട്ടുണ്ട്.

Advertisement
Advertisement