കെ.പി.സി.സി പുനഃസംഘടന: തഴയരുതെന്ന് മുൻ ഡി.സി.സി അദ്ധ്യക്ഷന്മാർ

Friday 24 September 2021 9:08 PM IST

തിരുവനന്തപുരം: പ്രവർത്തന പരിചയമുണ്ടായിട്ടും കെ.പി.സി.സി പുന:സംഘടനയിൽ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന നേതൃതല തീരുമാനത്തിൽ പ്രതിഷേധവുമായി സ്ഥാനമൊഴിഞ്ഞ ഡി.സി.സി അദ്ധ്യക്ഷന്മാർ. ഇക്കാര്യത്തിലുള്ള അതൃപ്തി അവർ കെ.പി.സി.സി നേതൃത്വത്തെ നേരിൽ കണ്ടറിയിച്ചു. ചിലർ ഒറ്റയ്ക്കും മറ്റ് ചിലർ കൂട്ടായുമായാണ് അതൃപ്തി അറിയിച്ചത്. പരാതി ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനും നീക്കമുണ്ട്.

14 ജില്ലകളിലും പുതിയ ഡി.സി.സി പ്രസിഡന്റുമാർ വന്നതോടെ സ്ഥാനമൊഴിയേണ്ടിവന്നവരെ തത്കാലം കെ.പി.സി.സിയുടെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്നാണ് നേതൃതല ചർച്ചകളിലെ ധാരണ. ജംബോ കമ്മിറ്റി ഒഴിവാക്കി 51 അംഗ കെ.പി.സി.സി നിർവാഹക സമിതി മാത്രമാക്കാൻ നേതൃത്വം ശ്രമിക്കുന്നതിനിടയിൽ സ്ഥാനമൊഴിഞ്ഞവർക്കെല്ലാം പദവി നൽകാനാവില്ല. ചിലരെ മാത്രം പരിഗണിച്ച് മറ്റുള്ളവരെ മാറ്റി നിറുത്തിയാലും അതൃപ്തി കൂടും. ഈ സാഹചര്യത്തിലാണ് തത്കാലം 14 പേരെയും പരിഗണിക്കേണ്ടെന്ന ധാരണയിലെത്തിയത്. പകരം ഇവരെ കെ.പി.സി.സി നിർവാഹക സമിതിയിൽ സ്ഥിരം ക്ഷണിതാക്കളാക്കാനാണ് തീരുമാനം.

ഇത് അനീതിയാണെന്ന് കാട്ടിയാണ് തലസ്ഥാനത്ത് ഒത്തുകൂടിയ സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും നേരിൽ കണ്ട് പരാതി അറിയിച്ചത്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇവർ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം തങ്ങളല്ലെന്നാണ് ഇവർ പറയുന്നത്. സ്ഥാനമൊഴിഞ്ഞ എല്ലാവരെയും ഭാരവാഹികളാക്കാൻ പറ്റിയില്ലെങ്കിലും കഴിയാവുന്നിടത്തോളം പരിഗണിക്കണമെന്നാണ് ആവശ്യം. മറ്റുള്ളവർക്ക് പാർട്ടിയിൽ അർഹമായ മറ്റ് ചുമതലകൾ നൽകണം.

അതേസമയം ആരെയും പരിഗണിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടില്ലെന്നും അർഹമായ പരിഗണന എല്ലാവർക്കും കിട്ടുമെന്നുമാണ് നേതൃത്വം ഇവർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.