സംരക്ഷണം നൽകുമെന്ന് സർക്കാ‌ർ, ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി

Saturday 25 September 2021 3:14 AM IST

കൊച്ചി: തിങ്കളാഴ്‌ചത്തെ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി, ജോലിക്ക് പോകുന്നവർക്ക് സൗകര്യവും സംരക്ഷണവും നൽകുമെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാവില്ലെന്നുമുള്ള സർക്കാരിന്റെ ഉറപ്പിനെത്തുടർന്ന് ഹൈക്കോടതി തീർപ്പാക്കി. ശാസ്താംകോട്ട സ്വദേശിയും സമസ്ത നായർസമാജം ജനറൽ സെക്രട്ടറിയുമായ പെരുമുറ്റം രാധാകൃഷ്‌ണൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്.

ഹർത്താൽ നടത്തുന്നവർ പത്തുദിവസം മുമ്പ് പൊതുജനങ്ങൾക്ക് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശമുള്ളതാണ്. ഇത് പാലിക്കാതെയാണ് ഹർത്താൽ നടത്തുന്നത്. വാഹനങ്ങൾ തടയുകയോ ഹർത്താലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുകയോ ചെയ്യരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണം ഒരുക്കുമെന്ന് ഇൗ ഘട്ടത്തിൽ സർക്കാർ അറിയിച്ചു. ബന്ത് ഹൈക്കോടതി നിരോധിച്ചതാണ്. ഹർത്താലുകൾ ബന്തായി മാറുകയാണ്. കോടതി ഇടപെട്ടില്ലെങ്കിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹർത്താലും ബന്താകുമെന്ന് ഹർജിക്കാരൻ ആരോപിച്ചു.

Advertisement
Advertisement