പ്രണവിനെ രേഷ്മയ്ക്ക് തിരികെ നൽകാനാവില്ലല്ലോ!

Saturday 25 September 2021 2:11 AM IST

തിരുവനന്തപുരം: കുണ്ടമൺഭാഗം 'തംബുരു"വിലിരുന്ന് വിവാഹ ആൽബം മറിച്ചുനോക്കുകയാണ് രേഷ്മ. ഓർമകൾ ഇരമ്പിയാർക്കുമ്പോൾ മിഴിനിറയുന്നുണ്ട്. കാരണം തന്നെ താലി ചാർത്തിയ പ്രണവ് ഇപ്പോൾ ഒപ്പമില്ല. വിവാഹം കഴിഞ്ഞ് രണ്ടരയാണ്ട് തികയും മുമ്പ് പാഞ്ഞുവന്ന ഒരു ലോറി പ്രവണവിന്റെ ജീവനെടുത്തു. ഡെൽ ഇന്റർനാഷണലിന്റെ സീനിയർ അനലിസ്റ്റായിരുന്ന പ്രണവിന്റെ മരണം ഉറ്റവരെയാകെ നൊമ്പരത്തിലാഴ്ത്തി. ആലപ്പുഴ ഹരിപ്പാട് മധു - ഗീത ദമ്പതികളുടെ മകനാണ് പ്രണവ്. വാഹനാപകട കേസിൽ പ്രണവിന്റെ ആശ്രിതർക്ക് 2.19 കോടി രൂപ നൽകണമെന്ന് കോടതി വിധിച്ചിരുന്നു. 'എത്ര കോടി കിട്ടിയാലും ചേട്ടന്റെ ജീവന് പകരമാവില്ലല്ലോ. ചേട്ടൻ പോയി എന്ന് ഞാൻ വിശ്വസിച്ചിട്ടില്ല " ആൽബത്തിൽ നിന്ന് കണ്ണെടുക്കാതെ രേഷ്മ പറഞ്ഞു. ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രേഷ്മയെ അവിടെ എത്തിക്കാനാണ് പ്രണവ് 2017 ഏപ്രിൽ 24ന് ഇരുചക്രവാഹനത്തിൽ പോയത്. 'അന്ന് പതിവിലേറെ സംസാരിച്ചിരുന്നു. സ്വന്തം കാര്യത്തിൽ ഉത്തരവാദിത്വം വേണമെന്നും സഹായിക്കാൻ എപ്പോഴും ഒരാൾ ഒപ്പമുണ്ടാവില്ല എന്നൊക്കെയാണ് പറഞ്ഞത്. പതിവിന് വിപരീതമായി ഞാൻ നടന്നുപോകുന്നത് ഏറെ നേരം നോക്കിനിന്നശേഷമാണ് ചേട്ടൻ മടങ്ങിയത്." - രേഷ്മ പറയുന്നു. രേഷ്മയെ ഓഫീസിലാക്കി തിരികെ പോരുമ്പോഴാണ് മരുതംകുഴി പാലത്തിൽ വച്ച് പ്രണവ് ഓടിച്ചിരുന്ന ബൈക്കിലേക്ക് പിറകേവന്ന ടിപ്പർലോറി ഇടിച്ചു കയറിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

പൊലിഞ്ഞത് സ്വപ്നങ്ങളും

പ്രവർത്തനമികവിന് നിരവധി തവണ പ്രണവ് ഡെൽ കമ്പനിയുടെ അഭിനന്ദനത്തിന് അർഹനായിട്ടുണ്ട്. മാത്രമല്ല മറ്റൊരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി ഉറപ്പാക്കി ഭാര്യയുമൊത്ത് അമേരിക്കയിലേക്ക് പോകാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ എല്ലാം തകർന്നു. മരണാനന്തരം പ്രണവിനോടുള്ള ആദരസൂചകമായി ഡെല്ലിന്റെ ബംഗളൂരു കാമ്പസിൽ വൃക്ഷത്തൈ നട്ടിരുന്നു.

 നഷ്ടപരിഹാരം 2.19 കോടി രൂപ

പ്രണവിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാര തുകയായി കോടതി വിധിച്ചത് 2.19 കോടിരൂപയാണ്. ഇത്രയും വലിയ തുക വാഹനാപകടത്തിന് നഷ്ടപരിഹാരമായി വിധിക്കുന്നത് അപൂർവമാണ്. യുവ സോഫ്ട് വെയർ എൻജിനിയറുടെ ശേഷിക്കുന്ന കരിയറുൾപ്പെടെയുള്ളവ പരിഗണിച്ചാണ് വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി എൽ. ശേഷാദ്രിനാഥ് വിധി പുറപ്പെടുവിച്ചത്. ഇൻഷ്വറൻസ് കമ്പനിയായ ചോള എം.എസ് ജനറലാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഹർജിക്കാർക്കുവേണ്ടി ഷെഫീക്ക് കുറുപുഴയാണ് ഹാജരായത്.

Advertisement
Advertisement