'തടി ഡിപ്പോ'യായി കിഴക്കൻ മുത്തൂർ റോഡ്

Friday 24 September 2021 11:29 PM IST
കിഴക്കൻമുത്തൂർ റോഡിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾ

തിരുവല്ല: കിഴക്കൻമുത്തൂർ - കണ്ണോത്തുകടവ് റോഡിനെ ' തടി ഡിപ്പോ'യാക്കി തടിവ്യാപാരികൾ. കച്ചവടത്തിനുള്ള തടികൾ വച്ചിരിക്കുന്നത് റോഡരികിലാണ്. നഗരസഭയിലെ ഏഴ്,എട്ട് വാർഡുകളിലൂടെ കടന്നുപോകുന്നറോഡാണിത്. പലഭാഗങ്ങളിലുമുള്ള തടിക്കൂട്ടം യാത്രക്കാർക്ക് ബുദ്ധിമുട്ടായി. വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധുമുട്ടാണ്. മറ്ര് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മരത്തടികൾ ദിവസങ്ങളോളം റോഡരികിൽ സൂക്ഷിച്ചശേഷമാണ് ലോറികളിൽ കയറ്റിക്കൊണ്ടുപോകുന്നത് .തടികയറ്റുന്നത് യാത്രാ തടസം സൃഷ്ടിക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലുള്ളവരാണ് തൊഴിലാളികളെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ വശങ്ങളിൽ തടികൾ സ്ഥാനം പിടിച്ചതോടെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. കിഴക്കൻമുത്തൂർ എം.ടി.സ്കൂളിനു മുമ്പിലുള്ള റോഡിൽ 25 മീറ്ററോളം നീളത്തിൽ തടി തലങ്ങുംവിലങ്ങും തള്ളിയിരിക്കുകയാണ്. ഇതുമൂലം അപകട സാദ്ധ്യതയുമുണ്ട്. മുമ്പും ഇവിടെ തടികൂട്ടിയിട്ടിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കച്ചവടക്കാർ എത്താറില്ലായിരുന്നു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.