സെൻസെക്‌സ്: അതിവേഗം 60,000

Saturday 25 September 2021 3:23 AM IST

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും വെറും 167 ദിവസംകൊണ്ടാണ് സെൻസെക്‌സ് 50,000ൽ നിന്ന് 60,000ലേക്ക് എത്തിയത്. 40,000ൽ നിന്ന് 50,000ലേക്ക് എത്തിയത് 423 ദിവസങ്ങൾകൊണ്ടായിരുന്നു. സെൻസെക്‌സിന്റെ മൂല്യം ഇന്നലെ 261.73 ലക്ഷം കോടി രൂപയിൽ നിന്ന് 263.13 ലക്ഷം കോടി രൂപയിലുമെത്തി.

 ആഭ്യന്തര, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപത്തിലെ വർദ്ധന, പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, കുറയുന്ന കൊവിഡ് കേസുകൾ, സർക്കാരിന്റെ ഉത്തേജക നടപടികൾ, റീട്ടെയിൽ നിക്ഷേപകരുടെ വർദ്ധന എന്നിവയാണ് ഓഹരി വിപണിക്ക് ആവേശമാകുന്നത്.

 കഴിഞ്ഞ ഒരുവർഷത്തിനിടെ സെൻസെക്‌സിന്റെ വളർച്ച 64.90 ശതമാനവും നിഫ്‌റ്റിയുടേത് 65.68 ശതമാനവുമാണ്.

നിഫ്‌റ്റി ഒന്നാമത്

2021ൽ ഇതുവരെ 28 ശതമാനം മുന്നേറിയ നിഫ്‌റ്റിയാണ് ലോകത്ത് വളർച്ചയിൽ ഒന്നാമത്. 23 ശതമാനവുമായി റഷ്യയും (മൊഎക്‌സ്), 21 ശതമാനവുമായി ഫ്രാൻസും (സി.എ.സി40) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

 19 ശതമാനം ഇടിഞ്ഞ ചൈനയാണ് ഏറ്റവും മോശം.

 അമേരിക്ക (എസ് ആൻഡ് പി500), തായ്‌‌വാൻ, ജർമ്മനി (ഡാക്‌സ്), ജപ്പാൻ (നിക്കേയ് 225), ബ്രിട്ടൻ (എഫ്.ടി.എസ്.ഇ 100) എന്നിവയുടെ വളർച്ച 10 ശതമാനത്തിന് മുകളിലാണ്.

ഇനി എന്ത്?

ഉത്തേജക നടപടികൾ ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നടപടി നിക്ഷേപകർക്ക് പ്രതികൂലമാണ്. അടുത്തമാസം റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിക്കുന്നുണ്ട്. മറ്റു കാര്യമായ വെല്ലുവിളിൽ നിക്ഷേപകരെ നിലവിൽ കാത്തിരിക്കുന്നില്ല. എന്നാൽ മുന്നേറ്റത്തിന്റെ ആവേശത്തിലുള്ള ലാഭമെടുപ്പിന് സാദ്ധ്യതയേറെ. അടുത്തവാരം സൂചികകളിൽ ഇടിവിനാണ് സാദ്ധ്യതയേറെ.