ഫ്ളെക്‌സ്-ഫ്യുവൽ വണ്ടികൾ നിർബന്ധമാക്കാൻ കേന്ദ്രം

Saturday 25 September 2021 3:10 AM IST

ന്യൂഡൽഹി: വാഹന നിർമ്മാതാക്കൾ ഒന്നിലധികം ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എൻജിനുള്ള വാഹനം നിർബന്ധമായും നിർമ്മിക്കണമെന്ന ഉത്തരവും മാനദണ്ഡങ്ങളും മൂന്നോ നാലോ മാസത്തിനകം കേന്ദ്രം പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.

ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, കാർഷിക മേഖലയ്ക്ക് ഉണർവേകുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 100 ശതമാനം എഥനോൾ ഉപയോഗിക്കുന്നതോ എഥനോൾ കലർന്ന പെട്രോൾ എൻജിനുള്ളതോ ആയ വാഹനങ്ങൾ (എഫ്.എഫ്.വി - ഫ്ളെക്‌സ്/ഫ്ളെക്‌സിബിൾ ഫ്യുവൽ വെഹിക്കിൾസ്) നിർമ്മിക്കണമെന്ന ഉത്തരവാണിറക്കുക.

ഫ്ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ

ഒന്നിലേറെ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളാണ് ഫ്ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ അഥവാ എഫ്.എഫ്.വി. ഒരു ഇന്ധനടാങ്കിൽ ഒന്നിലധികം ഇന്ധനം ഉപയോഗിക്കുകയാണ് ചെയ്യുക.

എഥനോൾ

പെട്രോളിനൊപ്പം എഥനോൾ കലർത്തി ഉപയോഗിക്കുന്നതോ പൂർണമായും (ഇ100) എഥനോളിൽ പ്രവർത്തിക്കുന്നതോ ആയ എൻജിനുള്ള വാഹനങ്ങൾ നിർമ്മിക്കാനാണ് കേന്ദ്രം നിർദേശിക്കുക. നിലവിൽ പെട്രോളിൽ 10 ശതമാനം എഥനോൾ ഇന്ത്യയിൽ ചേർക്കുന്നുണ്ട് (ഇ10). 2025ഓടെ ഇത് 20 ശതമാനമാക്കും (ഇ20). എഥനോളിന്റെ ഉപയോഗം കൂടുന്നതോടെ ക്രൂഡോയിൽ ഇറക്കുമതി കുറച്ച് പണം ലാഭിക്കാം.

കേന്ദ്ര ലക്ഷ്യം

ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. 10,140 കോടി ഡോളറാണ് (7.5 ലക്ഷം കോടി രൂപ) 2019-20ൽ ഇറക്കുമതിച്ചെലവ്. എഫ്.എഫ്.വി വ്യാപകമാകുന്നതോടെ ക്രൂഡ് ഇറക്കുമതി കുറയ്ക്കാം.

 ഇ20 പെട്രോൾ ഉപയോഗിക്കുന്ന കാറുകൾ കാർബൺ മോണോക്‌സൈഡ് പുറന്തള്ളുന്നത് 30 ശതമാനം കുറവ്.

 ഇ10, ഇ20 പെട്രോൾ വാഹനങ്ങളിൽ നിന്നുള്ള ഹൈഡ്രോകാർബൺ പുറന്തള്ളൽ 20 ശതമാനവും കുറവ്.

കാർഷിക മേഖലയ്ക്കും നേട്ടം

പഞ്ചസാര മില്ലുകൾ, ധാന്യ ഡിസ്‌റ്റിലറികൾ എന്നിവയിൽ നിന്നാണ് പ്രധാനമായും എഥനോൾ വാങ്ങുകയെന്നതിനാൽ കരിമ്പ് കർഷകർക്കും മറ്റും കേന്ദ്ര തീരുമാനം നേട്ടമാകും.

ഉപഭോക്താക്കളെ ബാധിക്കുമോ?

 എഫ്.എഫ്.വി എൻജിനിലേക്ക് മാറുമ്പോൾ കാറുകൾക്ക് 25,000 രൂപവരെയും ടൂവീലറുകൾക്ക് 5,000 മുതൽ 12,000 രൂപവരെയും വില ഉയരാം.

 ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത 6-7 ശതമാനം കുറയും.

 എന്നാൽ, പെട്രോളിന് 101 രൂപയും എഥനോളിന് 62 രൂപയുമാണ് വില എന്നതിനാൽ എഥനോളിലേക്ക് മാറുമ്പോൾ ഉപഭോക്താവിന് ഇന്ധനച്ചെലവ് കുറയും.