ഗോകുൽ ലോകത്തെയറിയുന്നു, കേരളകൗമുദി കാഴ്‌ച ആപ്പിലൂടെ

Saturday 25 September 2021 2:31 AM IST

 രണ്ടാം ശ്രമത്തിൽ 357ാം റാങ്ക്

തിരുവനന്തപുരം: അന്ധതയെ തോല്പിച്ച്, സിവിൽ സർവീസ് വിജയത്തിൽ മാറ്റ് കൂട്ടി തിരുവനന്തപുരം തിരുമല ഗോകുലത്തിൽ ഗോകുൽ എസ്. കഴിഞ്ഞവർഷം ആദ്യ ശ്രമത്തിൽ 804ാം റാങ്ക് നേടിയ ഗോകുലിന് ഇത്തവണ 357ാം റാങ്ക്.

പ്രത്യേക തയ്യാറെടുപ്പുകളോ കോച്ചിംഗോ ഇല്ലായിരുന്നു. അവസാന പരീക്ഷയ്ക്ക് മുമ്പുള്ള രണ്ട് മാസം മാത്രമാണ് ഇതിനുവേണ്ടി മാത്രം മാറ്റിവച്ചത്. എല്ലാ ദിവസവും കേരളകൗമുദിയുടെ കാഴ്‌ച ആപ്പ് കൃത്യമായി ഉപയോഗിക്കും. ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഇ പേപ്പറുകളിലെ ഒരു വരി പോലും വിടാതെ വായിക്കും. സമയം കിട്ടുമ്പോൾ അച്ഛനും അമ്മയും വായിച്ച് തരുമായിരുന്നുവെന്നും ഗോകുൽ പറഞ്ഞു.

ഏത് സർവീസിലേക്ക് നിയമിതനായാലും എല്ലാത്തിന്റെയും സ്വഭാവം പൊതുജനങ്ങളുമായി ഇടപഴകുക എന്നതാണ്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. കേരള സർവകലാശാലയിൽ ഇംഗ്ളീഷിൽ പി.എച്ച്.ഡി ചെയ്യുകയാണ് ഗോകുൽ.