ആറാമത് ശ്രമത്തിൽ സ്വപ്‌നമായ ജോലി നേടിയെടുത്ത് മിന്നു; മിന്നും നേട്ടത്തിൽ അഭിനന്ദിച്ച് ഡിജിപി

Saturday 25 September 2021 2:24 PM IST

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 150-ാം റാങ്ക് നേടിയ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ക്ളർക്ക് മിന്നുവിന് അഭിനന്ദനങ്ങളുമായി എഡിജിപി മനോജ് എബ്രഹാം. മിന്നുവിനെ അഭിനന്ദിക്കുന്ന ചിത്രമുൾപ്പടെ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌താണ് എഡിജിപി തന്റെ അഭിനന്ദനം അറിയിച്ചത്. 'സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 150-ാം റാങ്ക് നേടിയ പി.എം മിന്നുവിന് അഭിനന്ദനങ്ങൾ. രാജ്യസേവനത്തിൽ എല്ലാ ആശംസകളും നേരുന്നു.' അദ്ദേഹം കുറിച്ചു.

ബയോ കെമിസ്‌ട്രിയിൽ ബിരുദാനന്തര ബിരുദധാരിണിയായ കാര്യവട്ടം സ്വദേശിനിയായ പി.എം മിന്നു 2012ൽ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛൻ പോൾ രാജിന്റെ മരണത്തെ തുടർന്നാണ് പൊലീസ് ആസ്ഥാനത്ത് ക്ളർക്കായി ജോലിയിൽ പ്രവേശിച്ചത്. 2015 മുതൽ സിവിൽ സർവീസ് നേടാൻ പരിശ്രമം ആരംഭിച്ചു. അഞ്ചാമത് ശ്രമത്തിൽ 13 മാർക്കിനാണ് സിവിൽ സർവീസ് നഷ്‌ടമായത്. ആറാമത് ശ്രമത്തിലാണ് മികച്ച വിജയം തന്നെ മിന്നു നേടിയത്. മിനിസ്‌റ്റീരിയൽ ജീവനക്കാരിയായതിനാൽ ഇതുവരെ യൂണിഫോം ധരിക്കേണ്ടി വന്നിട്ടില്ല മിന്നുവിന്. ഇനിമുതൽ തന്റെ അച്ഛന്റെ ഓർമ്മകളുള‌ള കാക്കി യൂണിഫോമണിഞ്ഞ് മിന്നു ഇനി രാജ്യത്തിനായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്റെ സ്വപ്‌നമായ ജോലി ലഭിക്കാൻ പ്രോത്സാഹനം നൽകിയ ഡിജിപി അനിൽ കാന്ത്, എഡി‌ജിപി മനോജ് എബ്രഹാം, ഡിഐ‌ജി പി.പ്രകാശ് എ‌ഐ‌ജി ഹരിശങ്കർ എന്നിവർക്ക് മിന്നു നന്ദി അറിയിച്ചു. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായ ജോഷിയാണ് ഭർത്താവ്. ജർമ്മിയ ജോൺ ജോഷിയാണ് ഏക‌മകൻ.