മൂന്ന് ജില്ലകളിലെ ചെറുപ്പക്കാരിൽ കൊവിഡ് ആവർത്തനം കൂടുതൽ

Sunday 26 September 2021 1:39 AM IST

തിരുവനന്തപുരം : ഒരിക്കൽ കൊവിഡ് ബാധിതരായവരിൽ വീണ്ടും വൈറസ് ബാധിക്കുന്ന

റീ ഇൻഫെക്ഷൻ കേസുകൾ പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിലെ ചെറുപ്പക്കാരിൽ വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, പൊതുവേ ഇത്തരം കേസുകളുടെ എണ്ണം കുറവാണ്. കഴിഞ്ഞ വർഷം ഇതിലും ആറ് മടങ്ങായിരുന്നു .

ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞയാഴ്ചയെക്കാൾ 8 % കുറഞ്ഞു. സെപ്തംബർ 18മുതൽ 24വരെയുള്ള കാലയളവിൽ ശരാശരി ആക്ടീവ് കേസുകൾ 1,70,669 ആയിരുന്നു. അതിൽ 2 ശതമാനം പേർക്ക് ഓക്‌സിജൻ കിടക്കകളും, ഒരു ശതമാനം പേർക്ക് ഐ.സി.യു കിടക്കകളും വേണ്ടി വന്നു. പുതിയ കേസുകൾ 7,000 എണ്ണം കുറഞ്ഞു. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്ന് കണക്കാക്കുന്ന ആർ.ഫാക്ടർ കുറയുന്നതും ആശ്വാസകരമാണ്. സംസ്ഥാനത്തെ ആർ.ഫാക്ടർ 0.94ആണ്. ഉയർന്ന ആർ.ഫാക്ടർ കോട്ടയത്താണ്- 1.06. എറണാകുളം, ഇടുക്കി ജില്ലകളിലും ആർ ഫാക്ടർ ഒന്നിനു മുകളിലാണ്. വയനാട് ജില്ലയിലാണ് കുറവ്- 0.72.

ആശ്വാസക്കണക്കുകൾ

(കഴിഞ്ഞയാഴ്ചയിൽ

നിന്ന് കുറഞ്ഞത് )

വളർച്ചാ നിരക്ക് -5%

ആക്ടീവ് കേസുകൾ -16%

ഐ.സി.യു -21%

വെന്റിലേറ്റർ -3%

ഓക്‌സിജൻ സപ്പോർട്ട്- 6%

മെഡിക്കൽ കോളേജുകളിൽ - 6.7%

കൂടുതൽ രോഗവും മരണവും വാക്‌സിനെടുക്കാത്തവരിൽ

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളിൽ 52.7 ശതമാനവും, മരണങ്ങളിൽ 57.6 ശതമാനവും വാക്സിനെടുക്കാത്തവരാണ്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസെടുത്തവരും, 7.9% പേർ രണ്ട് ഡോസെടുത്തവരുമാണ്. വാക്സിനെടുത്തിട്ടും മരണമടഞ്ഞവരിൽ ഭൂരിഭാഗവും പ്രായാധിക്യമോ , അനുബന്ധ രോഗങ്ങളോ ഉള്ളവരാണ്..

ആദ്യ ഡോസ് ഇനി 22 ലക്ഷം പേർക്ക്

സംസ്ഥാനത്ത് ഇനി 22 ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കൊവിഡ് പോസിറ്റീവായവർക്ക് മൂന്ന് മാസം കഴിഞ്ഞേ വാക്സിനെടുക്കാനാകൂ. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ മൂന്നരക്കോടി ഡോസ് (3,50,12,467) വാക്‌സിൻ വിതരണം ചെയ്തു. ആദ്യ ഡോസ് 91.62 ശതമാനവും (2,44,71,319), രണ്ടാം ഡോസ് 39.47 ശതമാനവുമാണ് (1,05,41,148).

Advertisement
Advertisement