ജനത്തെ അറിഞ്ഞ് ഒപ്പം നിൽക്കാൻ മീര

Sunday 26 September 2021 12:04 AM IST

' പ്രവർത്തിക്കാൻ പോകുന്നത് സമൂഹത്തിന് നടുവിലാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിഞ്ഞ് അവർക്കൊപ്പം നിൽക്കണം. 2020ലെ സിവൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ മീര. അഭിനന്ദന പ്രവാഹങ്ങൾക്ക് നടുവിൽ തൃശൂർ കോലഴിയിലെ വീട്ടിലിരുന്ന് വിജയവഴികൾ പങ്കുവയ്ക്കുന്നു

തൃശൂർ: എയർ ഫോഴ്സിൽ ചേരാൻ മാേഹിച്ച പെൺകുട്ടി സിവിൽ സർവീസിലേക്ക് ചുവടുവയ്ക്കുമ്പോൾ പിന്നിൽ തെളിയുന്നത് പോരാളിയുടെ നിശ്ചയദാർഢ്യമാണ്.ആദ്യതവണ പ്രിലിമിനറി കിട്ടിയില്ല. രണ്ടാംവട്ടം ഇന്റർവ്യൂവരെ എത്തി. മൂന്നാം വട്ടവും പ്രിലിമിനറി കിട്ടാതായപ്പോൾ വാശി കൂടി. നാലാം ഊഴത്തിൽ ഇരിപ്പിടം ഉറപ്പിച്ചത് ആദ്യ പത്തു റാങ്കിനുള്ളിൽ.

അദ്ധ്യാപികയായ അമ്മയാണ് വഴികാട്ടിയത്. സിവിൽ സർവീസിൽ നാടിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് അമ്മ പറയുമായിരുന്നു. അതായിരുന്നു പ്രചോദനം. എയർഫോഴ്‌സിൽ പോകാൻ മോഹിച്ചെങ്കിലും മെഡിക്കൽ യോഗ്യത നേടാനായില്ല. പിന്നാലെ സിവിൽ സർവീസ് മോഹം ശക്തമായി.

നാല് വർഷമായി തയ്യാറെടുക്കുകയായിരുന്നു. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടെയാണ് ആദ്യശ്രമം. 2018 തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. പരീക്ഷയ്ക്ക് മൂന്ന് മാസം മുൻപ് മുതൽ ദിവസവും എട്ട് മണിക്കൂറോളം ചിട്ടയോടെ പഠിച്ചു. സിലബസിലുള്ളതുമായി താരതമ്യം ചെയ്താണ് പത്രം വായന. ഇംഗ്‌ളീഷ് പത്രത്തിനൊപ്പം മലയാളപത്രങ്ങളും വായിക്കും. ലേഖനങ്ങൾ കൂടുതൽ വായിച്ചു. സോഷ്യോളജിയായിരുന്നു ഓപ്ഷണൽ വിഷയം. ആദ്യത്തെ രണ്ടുവർഷം വിവിധ സ്ഥാപനങ്ങളിൽ പരിശീലനം . പിന്നീട് തനിയെ പഠനം.

ഇന്റർവ്യൂ ചോദ്യങ്ങൾ?

സോഷ്യോളജിയുമായി ബന്ധപ്പെട്ടായിരുന്നു ഏറെയും. പേര് മീര ആയതിനാൽ മീരാഭായിയെക്കുറിച്ചും ചോദിച്ചു. ചരിത്രസംഭവങ്ങളും കാർഷിക മേഖലയിലെ യന്ത്രവത്കരണവുമെല്ലാം ചോദിച്ചു. ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു.

ഇനി വരുന്നവരോട് ?

പത്രം വായന പരമപ്രധാനം. സ്വന്തം കഴിവും പരിമിതിയും തിരിച്ചറിയുക. അതിന് ഇണങ്ങുന്ന വിഷയം തിരഞ്ഞെടുക്കുക. ബിരുദപഠനത്തിലെ അവസാനവർഷം മുതൽ ഗൗരവത്തോടെയുള്ള പഠനം തുടങ്ങിയാൽ മതി. അതുവരെ കോളേജ് ജീവിതം ആസ്വദിക്കുക. ഏത് ക്‌ളാസിലായാലും പൊതുവിജ്ഞാനം നേടിക്കൊണ്ടിരിക്കുക. നല്ല അദ്ധ്യാപകരുടെയും മുൻപ് വിജയം നേടിയവരുടെയും അനുഭവങ്ങൾ ഗുണകരമാകും.

റാങ്ക് പ്രതീക്ഷിച്ചിരുന്നോ ?

ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. കേരള കേഡറാണ് ആഗ്രഹിക്കുന്നത്. വനിതകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കുറെക്കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.

വീഡിയോ കാളിൽ

രാഹുൽ ഗാന്ധി

രാഹുൽഗാന്ധി എം.പി വീഡിയോ കാളിലാണ് ആശംസ നേർന്നത്. ജനങ്ങൾക്ക് മികച്ച സേവനം നൽകണമെന്ന ഉപദേശം നൽകി. മന്ത്രിയും കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ വീട്ടിലെത്തി ആശംസയറിയിച്ചു.

Advertisement
Advertisement