കടൽപായൽ കൃഷി വികസിപ്പിക്കും
Sunday 26 September 2021 1:19 AM IST
കൊച്ചി: സാദ്ധ്യമായ ഇടങ്ങളിലെല്ലാം വൻതോതിൽ കടൽപായൽ കൃഷി ചെയ്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂട്ടാനും കേന്ദ്രം ശ്രമിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി ജതീന്ദ്രനാഥ് സൈവൻ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്രജ്ഞരുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. കടൽപായൽ കൃഷി ജനകീയമാക്കുന്നതിനായി വിത്തുബാങ്ക് സ്ഥാപിക്കാൻ അദ്ദേഹം സി.എം.എഫ്.ആർ.ഐയോട് ആവശ്യപ്പെട്ടു. ഉത്തരവാദിത്വ മത്സ്യബന്ധനരീതി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് ജോ.സെക്രട്ടറി ഡോ. ജെ. ബാലാജി,സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ .എ. ഗോപാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.