എതിർപ്പ് കണ്ട് സിൽവർ ലൈൻ ഉപേക്ഷിക്കില്ല: യു.ഡി.ഫിന്റെ എതിർപ്പ് തള്ളി മുഖ്യമന്ത്രി

Sunday 26 September 2021 12:21 AM IST

തിരുവനന്തപുരം: നാടിന്റെ ഭാവി മുന്നിൽ കണ്ടുള്ള പദ്ധതികൾ അനാവശ്യമായി ഉയർത്തുന്ന എതിർപ്പുകളുടെ പേരിൽ ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കെതിരെ (സിൽവർ ലൈൻ) യു.ഡി.എഫ് രംഗത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനത്തിലെ പ്രതികരണം. സ്ഥലം നഷ്ടപ്പെടുന്നവർക്കായി കൃത്യമായ പുനരധിവാസപദ്ധതിയുണ്ടാകുമെന്നും കാലത്തിനനുസൃതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കാൻ എല്ലാവരുടെയും സഹായവും സഹകരണവും ആവശ്യമാണ്.

ഏത് കാര്യത്തിലും എതിർക്കാൻ ചിലരുണ്ടാകും. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണിത്. ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്താനായാൽ അങ്ങോട്ടുമിങ്ങോട്ടും ജോലിക്കും മറ്റുമായി യാത്ര ചെയ്യാനുള്ള സൗകര്യമെത്രയായിരിക്കും. ഇത് നാട്ടിൽ വരുത്തുന്ന മാറ്റം വലുതാവില്ലേ.

നാല് മണിക്കൂർ കൊണ്ട് കാസർകോട്ടെത്തുന്ന റെയിൽവേ ലൈൻ യാത്രാപ്രശ്നം വലിയരീതിയിലാണ് പരിഹരിക്കുക.

നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്ന ഒന്നിനെ സങ്കുചിത കണ്ണോടെ കാണരുത്. എന്തുകൊണ്ടാണ് യു.ഡി.എഫ് അങ്ങനെയൊരു നിലപാടെടുത്തതെന്ന് മനസ്സിലാവുന്നല്ല. വരും തലമുറയെക്കൂടി കണ്ടുള്ള പദ്ധതിയാണ്. എതിർക്കുന്നത് നാടിന്റെ ഭാവിയെ തുലയ്ക്കുന്നതിന് തുല്യമാണ്. യു.ഡി.എഫ് എതിർപ്പ് ഉപേക്ഷിച്ച് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

നോക്കുകൂലി തടയും

നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കർക്കശമായ നടപടിയെടുക്കുന്നതിൽ ഒരലംഭാവവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. ഏതെങ്കിലും കൂട്ടർ ഏതെങ്കിലും സംഘടനയുടെ പേരും പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടാൽ അതിന് സംഘടനയുമായി ബന്ധമുണ്ടാകണമെന്നില്ല. വെമ്പായത്തുണ്ടായ സംഭവത്തിൽ ഉൾപ്പെട്ടവർ ഏതെങ്കിലും യൂണിയന്റെ ഭാഗമല്ല. സാമൂഹ്യവിരുദ്ധ നീക്കമായേ അതിനെ കാണാനാവൂ. തടയാൻ കർശന നടപടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement
Advertisement