താളംതെറ്റി അടുക്കള ബഡ്ജറ്റ്, വീണ്ടും പുകഞ്ഞ് വിറക് അടുപ്പുകൾ

Sunday 26 September 2021 12:00 AM IST

കോലഞ്ചേരി: ആളിപ്പടർന്ന പാചകവാതക വിലയിൽ അടുക്കളകൾ കത്തിയമർന്നതോടെ വീടുകളിലും ഹോട്ടലുകളിലും വീണ്ടും വിറകടുപ്പുകൾ പുകഞ്ഞു തുടങ്ങി. കൊവിഡിനി‌ടയിൽ താളം തെറ്റിയ അടുക്കള ബഡ്ജറ്റിനെ കമ്മിയാക്കിയാണ് വില കുതിക്കുന്നത്. ഇതോടെ പറമ്പുകളിൽ പലയിടങ്ങളിലും പാഴായിക്കിടക്കുന്ന മരങ്ങൾ മുറിച്ചും തെങ്ങോലയും ചിരട്ടയും മടലുമൊക്കെ വിറകായി ഉപയോഗിച്ചുമാണ് വീട്ടമ്മമാർ വിലക്കയ​റ്റത്തെ നേരിടുന്നത്. കൃഷിമേഖലയിലുള്ളവർക്ക് വിറകിനു ക്ഷാമമില്ലെങ്കിലും അദ്ധ്വാനം കൂടുതലാണെന്നതിനാൽ ഗ്യാസ് സിലിണ്ടറുകൾ തന്നെയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ,​ നഗരങ്ങളിൽ ഫ്ളാറ്റുകളിലും അപാർട്മെന്റുകളിലും താമസിക്കുന്നവരാണ് വില വർദ്ധനവിൽ നട്ടം തിരിയുന്നത്. ഇവർക്ക് വിറകടുപ്പ് ഉപയോഗിക്കാൻ നിവർത്തിയില്ല. അതേസമയം,​ കഴിഞ്ഞ ഒരുവർഷമായി പാചകവാതക സബ്‌സിഡി നിർത്തലാക്കിയതിനാൽ മുഴുവൻ പണവും ഉപഭോക്താവ് നൽകേണ്ട സ്ഥിതിയാണ്.

 പുതിയ മാർഗങ്ങൾ കണ്ടെത്തി ഹോട്ടലുകൾ
ഹോട്ടലുടമകൾ മിക്കവരും പാചകവാതകം നിർത്തി വിറകിലേക്ക് മാറി. ഇതിനായി ഹോട്ടലുകൾക്ക് സമീപം തന്നെ പാചകത്തിനായി മാത്രം വാടക കെട്ടിടങ്ങൾ എടുത്തിരിക്കുകയാണ് പലരും. അതിനിടെ വിറകിന്റെ വിലയും ഉയരുകയാണ്. കിലോ അഞ്ചു രൂപയ്ക്കാണ് നിലവിൽ വില്പന. ഇതോടൊപ്പം മരപ്പൊടി നിറച്ച് കത്തിക്കുന്ന അടുപ്പുകളും പുകഞ്ഞു തുടങ്ങി. ഒരു ടൺ അറക്കപ്പൊടി മില്ലുകളിൽ നിന്ന് 1000 രൂപ നിരക്കിലാണ് നൽകുന്നത്. അത് ഗോഡൗണുകളിൽ ശേഖരിച്ച് കിലോ 2.50 രൂപ നിരക്കിലാണ് ചില്ലറ വില്പന.

 വീട്ടാവശ്യത്തിനുള്ള വില - വ്യവസായക വില

മാർച്ച് : 826 - 1618

ഏപ്രിൽ :816 - 1647.50

മേയ്: 816 - 1602

ജൂൺ: 816.50- 1478

ജൂലായ്: 841.50 -1563.50

ആഗസ്റ്റ് 1-16 :841.50 - 1623

17-31 :866.50 - 1618

സെപ്തംബർ: 891.50 - 1692.50

Advertisement
Advertisement