കേരളത്തിന് കുതിപ്പേകാൻ പെട്രോകെമിക്കൽ പാർക്ക്

Sunday 26 September 2021 2:00 AM IST

കൊച്ചി: യാഥാർത്ഥ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറി കേരളംകണ്ട ഏറ്റവും വലിയ വ്യാവസായിക നിക്ഷേപപദ്ധതിയായ പെട്രോകെമിക്കൽ പാർക്ക്. എറണാകുളം അമ്പലമുഗളിലെ ബി.പി.സി.എൽ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആർ.ഇ.പി) സമീപം കിൻഫ്ര ഒരുക്കുന്ന പാർക്കിന്റെ നിർമ്മാണം 2024നകം പൂർത്തിയാക്കാൻ കിൻഫ്രയും ബി.പി.സി.എല്ലും തമ്മിൽ കഴിഞ്ഞദിവസം ധാരണയിലെത്തിയിട്ടുണ്ട്. ഫാക്‌‌ടിൽ നിന്ന് ഏറ്റെടുത്ത 481.79 ഏക്കറിലാണ് കേരളത്തിന്റെ സമ്പദ്‌ഘടനയിൽ തന്നെ മാറ്റം വരുത്തുമെന്ന് കരുതുന്ന പാർക്ക് ഒരുങ്ങുന്നത്. ഇതിൽ, 171 ഏക്കർ പെട്രോകെമിക്കൽ പ്ളാന്റ് നിർമ്മിക്കാൻ ബി.പി.സി.എല്ലിന് നൽകി. ബാക്കിയുള്ളതിൽ 250 ഏക്കർ വ്യവസായ യൂണിറ്റുകൾക്ക് നൽകും.

പി.ഡി.പി.പിയും പെട്രോകെമിക്കൽ പാർക്കും

കൊച്ചി റിഫൈനറിക്ക് സമീപം 6,000 കോടി രൂപ നിക്ഷേപത്തോടെ ബി.പി.സി.എൽ ഒരുക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ടിന് (പി.ഡി.പി.പി) അനുബന്ധമായാണ് പെട്രോകെമിക്കൽ പാർക്ക് സജ്ജമാകുന്നത്. അക്രിലിക് ആസിഡ്, അക്രിലേറ്റ്സ്, ഓക്‌സോ ആൽക്കഹോൾസ് എന്നിവയാണ് പി.ഡി.പി.പിയിൽ ഉത്പാദിപ്പിക്കുന്നത്.

പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ് തുടങ്ങിയവ. ഈ രംഗത്തെ കമ്പനികളെ കൊച്ചിയിലേക്ക് ആകർഷിക്കാൻ പി.ഡി.പി.പി സഹായിക്കും.

 ഇത്തരം കമ്പനികളുടെ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യമാണ് പെട്രോകെമിക്കൽ പാർക്കിലുണ്ടാവുക.

യൂണിറ്റുകൾക്കുള്ള സ്ഥലം, റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ കിൻഫ്ര ലഭ്യമാക്കും.

ഒരുലക്ഷം കോടി പ്രതീക്ഷ

പെട്രോകെമിക്കൽ പാർക്കിൽ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. 1,427 കോടി രൂപയാണ് പാർക്കിന്റെ നിർമ്മാണച്ചെലവ്. 10,000 പേർക്ക് തൊഴിൽ ലഭിക്കും.

Advertisement
Advertisement