'ധ്യാനപൂർണം സേവനം": മാതാ അമൃതാനന്ദമയിയുടെ ജന്മദിനം വിശ്വശാന്തി സാധനാദിനമായി ആചരിക്കും

Sunday 26 September 2021 2:27 AM IST

കൊച്ചി: മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തിൽ (നാളെ- തിങ്കൾ) ആഘോഷങ്ങൾ ഒഴിവാക്കി ആചരിക്കാൻ മഠത്തിന്റെ തീരുമാനം. മുൻവർഷങ്ങളിൽ സേവനപദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിൽ എത്തുമായിരുന്നു. ഇക്കുറി കൊവിഡ് പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നത്.

വിശ്വശാന്തിക്കും സമസ്‌ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനാനിർഭരമായി ആദ്ധ്യാത്മിക സാധനാനിഷ്‌ഠകളോടെ ജയന്തിദിനമായ സെപ്തംബർ 27 ആചരിക്കുമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. അന്ന് വൈകിട്ട് 6 ന് 193 രാജ്യങ്ങളിലുള്ള അനുയായികൾ ആദ്ധ്യാത്മികസാധനകൾ അനുഷ്ഠിക്കും.

അമൃതപുരി ആശ്രമത്തിലെ അന്തേവാസികൾ പങ്കെടുക്കുന്ന പ്രത്യേകം യജ്ഞങ്ങളും ഹോമങ്ങളും ഇന്നും നാളെയും നടക്കും. 27ന് ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനകളും ജന്മദിന സന്ദേശവും ഉണ്ടാകും. പരിപാടികൾ ലോകമെമ്പാടുമുള്ള ഭക്തർക്കായി തത്സമയം സംപ്രേഷണം ചെയ്യും.