സ്കൂളുകളിലെത്താൻ കുട്ടികൾക്ക് വാഹനങ്ങൾ ഉറപ്പാക്കും, കെ എസ് ആർ ടി സി സേവനവും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Sunday 26 September 2021 11:02 AM IST

തിരുവനന്തപുരം:സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാൻ വാഹനസൗകര്യം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്‌കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കുമെന്നും വാഹനമൊരുക്കാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

'കുട്ടികളെ എത്തിക്കാൻ കെ എസ് ആർ ടി സിയുടെ സേവനവും തേടും. സ്കൂളുകൾക്ക് മാത്രമായുള്ള കെ എസ് ആർ ടി സി ബസ് സർവീസും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. സ്‌കൂൾ തുറപ്പുമായി ബന്ധപ്പെട്ട സ്‌കൂൾ തല യോഗങ്ങളിൽ നാട്ടുകാരും, രാഷ്ട്രീയ പാർട്ടികളും യുവാക്കളും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ചില സ്‌കൂളുകളിൽ വാഹന സൗകര്യം ഏർപ്പെടുത്താൻ പിടിഎയ്ക്ക് ഫണ്ട് കുറവായിരിക്കും. അത്തരം സ്‌കൂളുകളെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണം.എം എൽ എ മാരുടെയും എം പിമാരുടെയും മറ്റ് ജനപ്രനിധികളുടെയും സഹായങ്ങൾ ഉണ്ടാവണം.അത്തരം ഇടപെടലുകളിലൂടെ വാഹന പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. രക്ഷിതാക്കൾ വാക്സിൻ എടുക്കാത്ത വീടുകളിൽ നിന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ട. സ്കൂൾ തുറന്നാലും വിക്ടേഴ്സ് ചാനലിലെ ക്ളാസുകൾ സമാന്തരമായി തുടരും'-മന്ത്രി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനകളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി അദ്ധ്യാപക രക്ഷാകർത്തൃ സമിതി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് സൂക്ഷ്മമായ ആസൂത്രണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകൻ സ്‌കൂൾ സേഫ്ടി ഓഫീസർ ആയിരിക്കും.

കുറച്ച് കുട്ടികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ടാവണം പ്രവർത്തനം. ബന്ധപ്പെട്ട എല്ലാവർക്കും വാക്സിൻ നിർബന്ധമാക്കിയത് അതുകൊണ്ടാണ്.സ്‌കൂൾ പി.ടി.എകൾ അതിവേഗം പുനഃസംഘടിപ്പിക്കണം.

പൊലീസ് ദൗത്യം

സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കണം. മോട്ടോർവാഹന വകുപ്പിന്റെ സഹായം തേടാം.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സ്‌കൂളിലെത്തി പരിശോധിക്കണം

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രഥമാദ്ധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിക്കണം.

കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യണം.

അടച്ചിട്ട മുറികളിലും ഹാളുകളിലും യോഗങ്ങൾ പാടില്ല.

നിബന്ധന

വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം.

സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 10 വർഷത്തെ പരിചയം വേണം.