ജൈവഗൃഹം പദ്ധതി: സബ്സിഡി തുക ലഭിക്കാതെ കർഷകർ ദുരിതത്തിൽ

Monday 27 September 2021 12:00 AM IST

ശ്രീകൃഷ്ണപുരം: സംസ്ഥാന സർക്കാരിന്റെ ജൈവഗൃഹ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത കർഷകർ രണ്ടാം ഗഡു സബ്സിഡി തുക കിട്ടാതെ ദുരിതത്തിൽ. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 2020 - 21 സാമ്പത്തിക വർഷം മാത്രം 55 കർഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ ഗഡുവായി 2.25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ,​ ആദ്യ ഗഡു സബ്സിഡി 50,000 രൂപ ലഭിക്കേണ്ട കർഷകർക്ക് 15000 രൂപ കുറച്ച് 35,000വും, 35000 രൂപ നൽകേണ്ടവർക്ക് 20,000 രൂപയുമാണ് നൽകിയത്. 40,000 രൂപ സബ്സിഡി ലഭിക്കാൻ അർഹതയുള്ളവർക്ക് ലഭിച്ചത് 25,000 രൂപ.

ജൈവഗൃഹം പദ്ധതിയിൽ സബ്സിഡി ലഭിക്കണമെങ്കിൽ ആടുവളർത്തൽ, പശുവളർത്തൽ, തേനീച്ച വളർത്തൽ, കൂൺകൃഷി, ജൈവമാലിന്യ നിർമ്മാർജ്ജനം, ജലസംരക്ഷണം, അസോള, തീറ്റപ്പുൽ, പുഷ്പക്കൃഷി തുടങ്ങിയവയിൽ ഏതെങ്കിലും അഞ്ചെണ്ണം ചെയ്യണം. അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമി സ്വന്തമായുള്ളവർക്കും പാട്ടഭൂമിയിൽ കൃഷിചെയ്യുന്നവർക്കും പദ്ധതിയിൽ ചേരാം. എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും പ്രളയത്തിൽ കൃഷി നശിച്ചവർക്കും മുൻഗണനയുണ്ട്. സാമ്പത്തിക സഹായത്തിന്റെ 70 ശതമാനം ആദ്യവർഷവും 30 ശതമാനം രണ്ടാം വർഷവുമാണ് ലഭക്കേണ്ടത്. ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി തുടങ്ങിയവരാണ് മിക്കവരും. രണ്ടാം ഗഡു വൈകുന്നത് കടക്കെണിയിലാകാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്സിഡി തുക ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.


സബ്സിഡി രണ്ടു ഗഡുക്കളായാണ് നൽകുന്നത്. ആദ്യഗഡു കഴിഞ്ഞ വർഷം നൽകിയിരുന്നു. രണ്ടാം ഗഡു സ്ഥലം സന്ദർശിച്ച് പരിശോധനാ റിപ്പോർട്ട് കൊടുത്ത ശേഷം കാലതാമസമില്ലാതെ ലഭ്യമാക്കും. പരിശോധനാ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്.

സിന്ധു കെ. മാത്യു,​ ശ്രീകൃഷ്ണപുരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ

Advertisement
Advertisement