ഇടുക്കി, രാഘവൻകാനം

Monday 27 September 2021 2:08 AM IST

ഇടുക്കി ജലാശയത്തിന്റെ തീരത്ത് പ്രകൃതിയൊരുക്കിയ കണ്ണാടിത്തുരുത്താണ് രാഘവൻകാനം. അണക്കെട്ടിൽ ജലനിരപ്പുയരുമ്പോൾ രാഘവൻകാനത്തെ മുളങ്കാടുകളെ ചുറ്റി വെള്ളം കയറുന്നത് വിസ്മയ കാഴ്ചയാണ്. മുളങ്കാടുകൾക്കിടയിലൂടെ ചങ്ങാട യാത്രയും നവ്യാനുഭവമാണ്. ഒറ്റനോട്ടത്തിൽ വെള്ളത്തിലൂടെ മുളങ്കാടുകൾ ഒഴുകുന്ന പ്രതീതി. ഇടുക്കി അണക്കെട്ടിലേക്കൊഴുകുന്ന കാട്ടരുവിയും ഇവിടെയുണ്ട്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്ത് നാട്ടുകാരും ആദിവാസികളും മാത്രമാണ് എത്തുന്നത്. സമീപവാസികൾക്ക് പോലും അത്ര പരിചിതമല്ലാത്ത പ്രദേശമാണെങ്കിലും നിരവധി പേർ കേട്ടറിഞ്ഞ് ഇപ്പോൾ എത്തുന്നുണ്ട്. മറുകരയിലാണ് ടൂറിസ്റ്റ് കേന്ദ്രമായ അഞ്ചുരുളി. ഇവിടേക്ക് ബോട്ടിംഗ് ആരംഭിക്കാം. ഭാവിയിൽ കൂടുതൽ പേരെത്തി ചങ്ങാടത്തിലും മറ്റും സഞ്ചരിക്കുമ്പോഴുള്ള അപകടസാദ്ധ്യതകൾ ഒഴിവാക്കാൻ സുരക്ഷാക്രമീകരണങ്ങളും ഒരുക്കണം. നോദസഞ്ചാരത്തിന് ഏറെ സാദ്ധ്യതയുള്ള രാഘവൻകാനം ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.

 എങ്ങനെ എത്താം

കട്ടപ്പന - കുട്ടിക്കാനം സംസ്ഥാനപാതയിൽ തൊപ്പിപ്പാളയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ രാഘവൻകാനമെത്താം. മറ്റപ്പള്ളി ജംഗ്ഷനും വനം വകുപ്പിന്റെ തേക്കിൻകാനവും പുൽമേടുകളും കടന്നുവേണം ഇവിടെയെത്താൻ. ശ്രീജിത്ത് രവി, ഇന്ദ്രൻസ്, മാമുക്കോയ, ടിനി ടോം തുടങ്ങിയവർ അഭിനയിച്ച് 2015ൽ റിലീസ് ചെയ്ത 'മരംകൊത്തി" സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്.