വയനാട്, ചെമ്പ്രയിലെ ഹൃദയ തടാകം

Monday 27 September 2021 12:42 AM IST

ചെമ്പ്ര മലയിലെ ഹൃദയതടാകം, വയനാട്ടിലെ ഈ ദൃശ്യ വിസ്മയം ഇന്നും സഞ്ചാരികൾക്ക് അജ്ഞാതമാണ്. സമുദ്രനിരപ്പിൽ നിന്ന് 6300 അടി ഉയരത്തിലാണ് തടാകം. പച്ചപ്പണിഞ്ഞ മലമുകളിലെ ഹൃദയസരസിലേക്ക് വനം വകുപ്പ് പ്രവേശനവും അനുവദിക്കുന്നുണ്ട്. ഇവിടെ നിന്നാൽ വയനാട് മാത്രമല്ല, കർണാടകയിലെയും തമിഴ്നാട് അതിർത്തികളിലെയുമെല്ലാം മനോഹര കാഴ്ചകൾ മുന്നിലെത്തും. ഉൗട്ടി വഴിയെത്തിയ ബ്രിട്ടീഷുകാർക്ക് ചെമ്പ്ര ഉല്ലാസ കേന്ദ്രമായിരുന്നു. സ്വർണഖനനം വരെ ബ്രിട്ടീഷുകാർ ഇവിടെ കണ്ടെത്തി. കാട്ടുപാതയിൽ ഇടവിട്ടുള്ള ചോലവനങ്ങൾ, തെരുവപുൽക്കാടുകൾ, അരുവികൾ അങ്ങനെ വിസ്മയങ്ങൾ നിരവധിയാണിവിടെ. യാത്രയിൽ മാൻകൂട്ടങ്ങളും കാട്ടാടുകളും ഉൾപ്പെടെ വന്യമൃഗങ്ങളെ കാണാം.

 എങ്ങനെ എത്താം

വയനാട്ടിലെ മേപ്പാടിയിൽ നിന്നാണ് ചെമ്പ്രയിലേക്കുള്ള വഴി. വനം സംരക്ഷണസമിതിയുടെ പാസ് വേണം മലകയറാൻ. സ്വകാര്യ എസ്റ്റേറ്റ് വരെ മാത്രമെ വാഹന സൗകര്യമുള്ളൂ.പത്ത് പേർ അടങ്ങിയ ട്രക്കിംഗ്സംഘത്തിന് 750 രൂപയാണ് ഫീസ്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെയാണ് പ്രവേശനം. കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരം കയറി ചുണ്ടേൽവഴി മേപ്പാടിയിലാണ് ചെമ്പയിലേക്കുള്ള വഴി. കൽപ്പറ്റയിലും മേപ്പാടിയിലും റിസോർട്ട് സൗകര്യങ്ങളുമുണ്ട്. മലയ്‌ക്ക്മുകളിലെ ഹൃദയ തടാകത്തിലേക്ക് ആറ് കിലോ മീറ്ററോളം യാത്രയുണ്ട്.

Advertisement
Advertisement