ആലപ്പുഴ, ഉളവൈപ്പ്

Monday 27 September 2021 12:04 AM IST

കുങ്കുമം ചൊരിയുന്ന അസ്തമയസൂര്യൻ, വിശാലമായ കായൽ, ആകാശം മുട്ടുന്ന തെങ്ങിൻ നിരകൾ, കിഴക്കിന്റെ വെനീസായ ആലപ്പുഴയിൽ ആരാരും അറിയാത്ത ഉളവൈപ്പിൽ കാഴ്ചകളേറെയാണ്. ചേർത്തല തൈക്കാട്ടുശേരി പഞ്ചായത്തിലുള്ള ഉളവൈപ്പിലെ പ്രകൃതിഭംഗി നിരവധി മലയാള ചലച്ചിത്രങ്ങൾക്കും മാറ്റേകി. ആമേൻ, മൈ ബോസ്, വെനിസിലെ വ്യാപാരി, മർക്കോണി മത്തായി, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങി വിവിധ സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു ഉളവൈപ്പ്.

കൈതപ്പുഴ കായലിനോട് ചേർന്നുള്ള പ്രദേശം ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വിനോദസഞ്ചാര മേഖലയ്ക്കൊരു മുതൽക്കൂട്ടാവും. കണ്ണെത്താദൂരം പാടശേഖരമുള്ള ഉളവൈപ്പിനെ തണുത്ത കാറ്റ് എപ്പോഴും തലോടിക്കൊണ്ടിരിക്കും. കായലിൽ ചുറ്റാൻ ആഗ്രഹമുള്ളവർക്ക് പ്രദേശത്തെ കടവിൽ തന്നെ വഞ്ചിയും വാടകയ്ക്ക് ലഭിക്കും. കാക്കത്തുരുത്തിന് സമീപമാണ് ഉളവൈപ്പ്.

 എങ്ങനെ എത്താം

ചേർത്തല നഗരത്തിൽ നിന്ന് പൂച്ചാക്കലിൽ എത്തണം. തുടർന്ന് റോഡ് മാർഗം 3.6 കിലോമീറ്റർ സഞ്ചരിച്ചാൽ ഉളവൈപ്പിലെത്താം.