കാർക്കിനോസിൽ ₹110 കോടി നിക്ഷേപിക്കാൻ ടാറ്റാ ഗ്രൂപ്പ്
കൊച്ചി: കാൻസർ ചികിത്സാരംഗത്തെ സമഗ്ര പ്ളാറ്റ്‌ഫോമായ, മുംബയ് ആസ്ഥാനമായുള്ള കാർക്കിനോസിൽ ടാറ്റാ ഗ്രൂപ്പ് 110 കോടി രൂപ നിക്ഷേപിക്കും. ആദ്യഘട്ടത്തിൽ, ഉടൻ 35 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആരോഗ്യരംഗത്തെ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് സംരംഭങ്ങളിൽ നിക്ഷേപതാത്പര്യമുള്ള ടാറ്റയ്ക്ക് കാർക്കിനോസിൽ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമുണ്ടാകും.
ടാറ്റയിലെ മുൻ ഉദ്യോഗസ്ഥരായ ആർ. വെങ്കടരമൺ, രവികാന്ത് എന്നിവരാണ് കാർക്കിനോസിന്റെ സ്ഥാപകർ. ബി.സി.സി.ഐ മുൻ സി.ഒ.ഒ സുന്ദർ രാമൻ, മെഡിക്കൽ സംരംഭകരായ ഷാഹ്വിർ നൂർയെസ്‌ദാൻ, അവന്തി ഫിനാൻസ് സി.ഒ.ഒ മനീഷ് താക്കർ എന്നിവർ സഹസ്ഥാപകരുമാണ്. കാൻസർ രോഗികൾക്ക് ഗുണമേന്മയുള്ള പരിചരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, റോണി സ്‌ക്രൂവാല, ഭാവിഷ് അഗർവാൾ തുടങ്ങിയ ബിസിനസ് പ്രമുഖർ അടുത്തഘട്ടത്തിൽ കാർക്കിനോസിൽ നിക്ഷേപം നടത്തും. കേരളത്തിൽ കോതമംഗലം, തൊടുപുഴ, ചോറ്റാനിക്കര എന്നിവിടങ്ങളിൽ കാർക്കിനോസിന്റെ സേവനം ലഭ്യമാണ്.