വലിയപറമ്പിൽ ഫൈബർ ബോട്ട് നാളെയെത്തും

Tuesday 28 September 2021 12:11 AM IST
വലിയപറമ്പിലേക്കായി നിർമ്മിച്ച ഫൈബർ ബോട്ട്

തൃക്കരിപ്പൂർ: വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തെക്കെ ഭാഗത്തുള്ള ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായുള്ള ഫൈബർ ബോട്ട് നാളെയെത്തും. തൃക്കരിപ്പൂർ കടപ്പുറത്തെ വടക്കെ വളപ്പിനെയും മാടക്കാലിനെയും ബന്ധിപ്പിച്ചായിരിക്കും ബോട്ട് സർവ്വീസ്.

എം.രാജ ഗോപാലൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 15.5 ലക്ഷം രൂപ ചെലവിട്ടാണ് ഫൈബർ ബോട്ട് ഒരുക്കിയിട്ടുള്ളത്. ഗോവയിലെ വിജയ് മറൈൻ കമ്പനി നിർമ്മിച്ച 10 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ഔട്ട് ബോർഡ് എൻജിനാണുള്ളത്. ഗ്രാന്മ എന്ന പേരിട്ടിട്ടുള്ള ബോട്ട് ഗോവയിൽ നിന്ന് റോഡു മാർഗ്ഗം മടക്കരയിലെത്തിച്ച ശേഷം കവ്വായി കായലിലൂടെ വലിയ പറമ്പിലെത്തിക്കാനാണ് തീരുമാനമെന്ന് എം.എൽ.എ. അറിയിച്ചു.

സംസ്ഥാനത്ത് ഇതാദ്യമായാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ബോട്ട് വാങ്ങിക്കുന്നത്. മാടക്കാൽ തൂക്കുപാലം തകർന്നതോടെ യാത്രാ ദുരിതത്തിലായ തൃക്കരിപ്പൂർ കടപ്പുറം നിവാസികൾക്കായി 10 ലക്ഷം രൂപയുടെ കടത്തു ബോട്ട് സാദ്ധ്യമാക്കുമെന്ന് എം.എൽ.എ. പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2017ലെ ധനകാര്യ വകുപ്പിന്റെ പ്രത്യേക ഉത്തരവ് പ്രകാരം അത് സാദ്ധ്യമല്ലാതെ വന്നതോടെ പ്രത്യേക ഓർഡർ പ്രകാരം ബോട്ട് നിർമ്മിക്കാൻ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനെ സമീപിക്കുകയായിരുന്നു. എന്നാൽ നിലവിലെ ഡിസൈൻ പ്രകാരം നിർമ്മിക്കുന്ന ബോട്ട് പ്രവർത്തിപ്പിക്കാൻ മണിക്കൂറിന് എട്ട് ലിറ്റർ ഡീസൽ വേണമെന്നത് പ്രായോഗികമല്ലാത്തതിനാൽ കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം തയ്യാറാക്കിയ ഡിസൈൻ പ്രകാരം ടെൻഡർ വിളിക്കുകയായിരുന്നു. ഇതുപ്രകാരമാണ് ഗോവൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്.

വലിയ പറമ്പയിലെത്തുന്ന ഈ യാത്രാബോട്ട് മാരിടൈം ബോർഡിന്റെ ചീഫ് സർവ്വേയർ, പോർട്ട് ഓഫീസർ, പോർട്ട് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ട്രയൽ റൺ നടത്തി ഫിറ്റ്നസ് ഉറപ്പു വരുത്തി വലിയപറമ്പ് പഞ്ചായത്തിന് കൈമാറും.

Advertisement
Advertisement