തട്ടിപ്പു വീരൻ മോൻസണിന് പൊലീസ് ഒത്താശ, സിംഹാസനത്തിൽ ഡി.ജി.പി, വാളേന്തി അഡി. ഡി.ജി.പി

Tuesday 28 September 2021 12:39 AM IST

കൊച്ചി: 'ടിപ്പു സുൽത്താന്റെ' സിംഹാസനത്തിൽ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സമീപത്ത് ടിപ്പുവിന്റെ വാളേന്തി അഡി. ഡി.ജി.പി മനോജ് എബ്രഹാം, പൂത്തിരി കത്തിച്ച് വിഷു ആഘോഷിച്ച് അന്നത്തെ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, വീടിന്റെ ഗേറ്റിൽ പൊലീസിന്റെ ബീറ്റ് ബോക്സ്, വീട്ടിൽ പതിവായി ഐ.ജിയുടെയും ഡി.ഐ.ജിയുടെയും ഔദ്യോഗിക വാഹനങ്ങൾ...

യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിത്തുട്ടുകളിൽ രണ്ടെണ്ണം കൈവശമുണ്ടെന്ന് വരെ തട്ടിവിട്ട് കോടികൾ കബളിപ്പിക്കാൻ മോൻസൺ മാവുങ്കലിന് തുണയായത് ഇതൊക്കെയാണ്. ഉന്നതരെ വീട്ടിലെത്തിച്ച് ചിത്രങ്ങളെടുത്തും വീഡിയോയിൽ പകർത്തിയും തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നു. അനിൽകാന്ത് പൊലീസ് മേധാവിയായശേഷം അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഉപഹാരം നൽകുന്ന ചിത്രമെടുത്തും ദുരുപയോഗിച്ചു. മോൻസൺ അറസ്റ്റിലാവുന്നതിന് രണ്ട് മണിക്കൂർ മുൻപും ഐ.ജി അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നു.

മോൻസണിന്റെ വീട്ടുമുറ്റത്ത് പൂത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന എസ്. സുരേന്ദ്രന്റെ വീഡിയോ മോൻസൺ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. ഭാര്യാസമേതനായാണ് ആഘോഷം. മോൻസണിന്റെ പിറന്നാൾ ആഘോഷത്തിന് നൃത്തം വച്ചത് ഡി.ഐ.ജിയുടെ ഭാര്യയായിരുന്നു.

മോൻസണിനെതിരെ പന്തളം സ്വദേശിയുടെ

ആറരക്കോടി

തട്ടിപ്പ് പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടത് ഐ.ജി ഗോകുലത്ത് ലക്ഷ്മൺ ആയിരുന്നു. ഡിവൈ.എസ്.പി അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് വിടാൻ പൊലീസ് ആസ്ഥാനത്ത് തീരുമാനമെടുത്തപ്പോഴാണ് ലക്ഷ്മൺ ഇടപെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് ഇ-മെയിൽ അയച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി മോൻസണിന്റെ അടുപ്പക്കാരനായ ചേർത്തല സി.ഐക്ക് അന്വേഷണം കൈമാറി.

ഈ സി.ഐ മോൻസണിന്റെ ഉറ്രബന്ധുവിന്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രവും പുറത്തായി. ഇക്കാര്യം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതോടെ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം തിരിച്ചെത്തി.

പൊലീസ് സ്ഥിരമായി മോൻസണിന്റെ വീട്ടിലെത്തി സുരക്ഷ വിലയിരുത്തുന്നതിനെക്കുറിച്ചും ഗേറ്റിൽ ബീറ്ര് ബോക്സ് സ്ഥാപിച്ചതിനെക്കുറിച്ചും കൊച്ചി സിറ്രി കമ്മിഷണർ അന്വേഷിക്കുന്നുണ്ട്.

മോൻസണിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തടയാൻ വഴിവിട്ട് ഇടപെട്ട ലക്ഷ്മണിന് എ.ഡി.ജി.പി മനോജ് എബ്രഹാം 2020 ഒക്ടോബറിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ലക്ഷ്‌മൺ അധികാര പരിധി വിട്ട് ഇടപെട്ടതിനെക്കുറിച്ച് രണ്ടുദിവസത്തിനകം വിശദീകരിക്കണമെന്നായിരുന്നു നോട്ടീസ്. പിന്നീട് ലക്ഷ്മണിനെ വിളിച്ചുവരുത്തി ശാസിച്ചു.

തട്ടിപ്പുകൾ അറിയില്ലെന്ന് സുരേന്ദ്രൻ

മോൻസണിന്റെ തട്ടിപ്പുകൾ അറിയില്ലെന്നും തന്റെ സാന്നിദ്ധ്യത്തിൽ പണമിടപാട് നടന്നിട്ടില്ലെന്നും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ. അറസ്​റ്റ് ചെയ്യുമ്പോൾ മോൻസണിന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊച്ചി പൊലീസ് കമ്മിഷണറായിരിക്കെ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെട്ടത്. കുടുംബത്തിലെ മിക്ക ചടങ്ങുകളിലും പങ്കെടുക്കുമായിരുന്നു. എന്നാൽ ഇടപാടുകളിൽ സംശയം തോന്നിയതിനാൽ കുറച്ചുകാലമായി ബന്ധമില്ല. മോൻസണിനെതിരെ തനിക്ക് പരാതിയൊന്നും കിട്ടിയിരുന്നില്ല.

Advertisement
Advertisement