വേണമെങ്കിൽ കതിർ റോഡരികിലും...

Tuesday 28 September 2021 12:02 AM IST
കുറ്റ്യാടി- നാദാപുരം റോഡിൽ മൊകേരിക്കടുത്ത് പാതയോരത്ത് കതിരണിഞ്ഞുനിൽക്കുന്ന നെൽച്ചെടികൾ

കുറ്റ്യാടി: നെൽകൃഷി എന്നും ഒരു 'ചടങ്ങ് 'തന്നെയാണ്. നിലമൊരുക്കണം, വിത്തുപാകി മുളപ്പിച്ച് ഞാറാക്കണം, പാടം പാകമായാൽ ഞാറു നടണം... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. എന്നാൽ ഇതൊന്നുമില്ലാതെ കൊയ്യാൻ പാകമായ കതിരുകൾ തലയാട്ടി നിൽക്കുന്ന കാഴ്ചയുണ്ട് മൊകേരിയിൽ. കുറ്റ്യാടി- നാദാപുരം റോഡിൽ മൊകേരി ടൗണിനടുത്താണ് റോഡിനോട് ചേർന്ന സ്ഥലത്ത് നെൽച്ചെടികൾ കതിരണിഞ്ഞു നിൽക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വൈക്കോൽ കെട്ടിലെ നെൽമണികൾ വീണ് മുളച്ചുണ്ടായതാണ് ഈ നെൽച്ചെടികൾ. വലിയ ലോറികളിൽ കൊണ്ടുവരുന്ന വൈക്കോൽ ചെറിയ വാഹനങ്ങളിലേക്ക് മാറ്റിയിരുന്നത് ഇവിടെവച്ചായിരുന്നു. അതിനിടെ വീണ വൈക്കോലിലെ നെൽമണികൾ മുളച്ച് ചെടിയാവുകയായിരുന്നു. നെൽമണികൾ പെറുക്കാൻ പക്ഷികൾ കൂട്ടമായെത്തുന്നത് ഇവിടുത്തെ കൗതുക കാഴ്ചയാണെങ്കിലും കതിരണിഞ്ഞുനിൽക്കുന്ന നെൽച്ചെടികൾ ഇതാദ്യമായാണ്.

Advertisement
Advertisement