ഓട്ടോ ഡ്രൈവർ രഘുനാഥിന് അഴിയൂരിന്റെ ആദരം
Tuesday 28 September 2021 12:02 AM IST
വടകര: പൊതുനിരത്തുകൾ മാലിന്യമുക്തമാക്കുന്നത് ദിനചര്യയാക്കിയ അഴിയൂർ കല്ലാമല സ്വദേശിയായ ഓട്ടോ ഡ്രൈവർ തെക്കെ പൊന്നങ്കണ്ടി (ചെറുവങ്ങാട്ട് )ടി.പി. രഘുനാഥിനെ അഴിയൂർ പഞ്ചായത്ത് ആദരിച്ചു. കൊവിഡ് കാലത്ത് തുടങ്ങിയ സേവനം പരിഗണിച്ചാണ് ആദരിക്കാൻ പഞ്ചായത്ത് മുന്നോട്ടുവന്നത്. പ്രസിഡന്റ് ആയിഷ ഉമ്മർ വീട്ടിലെത്തി പഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു. വാർഡ് മെമ്പർ റീന രയരോത്ത് പൊന്നാട അണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ, ടി.പി.ഹരിദാസ് എന്നിവർ സംസാരിച്ചു. പുലർച്ചെ നാല് മണിക്ക് തുടങ്ങും രഘുനാഥിന്റെ സാമൂഹ്യ സേവനം. വീടിന് സമീപത്തെ രയരോത്ത് പൊന്നങ്കണ്ടി റോഡ് ,കല്ലാമല യു.പി സ്കൂൾ റോഡ് എന്നിവയാണ് ദിവസവും മാലിന്യ മുക്തമാക്കുന്നത്. 37വർഷമായി കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് രഘുനാഥ്.