മഴയിൽ കുതിർന്ന് മലയോരം

Tuesday 28 September 2021 12:21 AM IST
ആശങ്കയുടെ ഒാളം ..... പന്തളം കുരമ്പാല തോട്ടുകര ഭാഗത്ത് കനത്ത മഴയെ തുടർന്ന് തോട് നിറഞ്ഞ് വീട്ടിലേക്ക് വെളളം കയറിയപ്പോൾ ആശങ്കയോടെ നിൽക്കുന്ന കുടുംബം.

പത്തനംതിട്ട : ഗുലാബ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ മഴയിൽ ജില്ല നനഞ്ഞ് കുതിർന്നു. മണ്ണിടിഞ്ഞും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയും വെള്ളപ്പൊക്കത്തിന്റെ അന്തരീക്ഷമാണുണ്ടായത്. അടൂർ, പന്തളം തെക്കേക്കര മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി.

വനമേഖലയിൽ കനത്ത മഴയെ തുടർന്ന് നദികളിൽ വെള്ളം ഉയർന്ന് കലങ്ങിമറിഞ്ഞാണ് ഒഴുക്ക്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂന്ന് ഷട്ടറുകൾ 5 സെന്റിമീറ്റർ വീതം ഉയർത്തി. മണിയാർ ബാരേജിന്റെ ഷട്ടറുകൾ 150 സെന്റിമീറ്റർ ഉയർത്തേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. പമ്പാനദിയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർന്നു.

പെരുന്തേനരുവി ഡാമിൽ ജനനിരപ്പ് ഉയർന്നതോടെ കുറുമ്പൻമൂഴി കോസ്‌വേ മുങ്ങി.

മതിലിടിഞ്ഞ് വീടിന് തകരാറ്

പത്തനംതിട്ട നഗരത്തിൽ കനത്ത മഴയിൽ സംരക്ഷണമതിൽ ഇടിഞ്ഞ് വീണ് വീടിന് നാശം സംഭവിച്ചു. നഗരസഭ ടൗൺ വാർഡിൽ ചിറ്റൂർ പാറയ്ക്കൽ പുരയിടത്തിൽ വിജയൻ തമ്പിയുടെ വീടിനാണ് നാശം സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന് മുകൾവശത്തായി താമസിക്കുന്ന സമീപവാസി ശിവദാസന്റെ ഹോളോ ബ്രിക്സ് ഉപയോഗിച്ച് കെട്ടിയ മതിലിന്റെ സംരക്ഷണഭിത്തിയാണ് കനത്ത മഴയിൽ പൂർണ്ണമായും തകർന്ന് വീടിന്റെ ഭിത്തിയിലേക്ക് പതിച്ചത്. മണ്ണും കല്ലുകളും ഉൾപ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. കല്ലുകൾ ശക്തിയായി വീണ് വീടിന്റെ ഭിത്തിയും ഷെയ്ഡും ബാത്ത് റൂമും പൈപ്പ് കണക്ഷനും തകർന്നിട്ടുണ്ട്. ജനാലുകൾ തകർന്ന് മുറിക്കുള്ളിലേക്ക് ചെളി വെള്ളം കയറി. വാർഡ് കൗൺസിലർ സിന്ധു അനിൽ സ്ഥലം സന്ദർശിച്ചു.

വീടുകളിൽ വെള്ളം കയറി

തെങ്ങമം: ശക്തമായ മഴയിൽ തോട്ടുവാതോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ഇളംപള്ളിൽ അഖിലാ ഭവനത്തിൽ രാധിക , ലക്ഷ്മി ഭവനത്തിൽ മിനി, കൃഷ്ണ ഭവനത്തിൽ ലതാകുമാരി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

അച്ചൻകോവിലാറ്റിലും കല്ലാറ്റിലും

ജലനിരപ്പുയർന്നു

കോന്നി: കനത്ത മഴയിൽ അച്ചൻകോവിലാറ്റിലും കല്ലാറ്റിലും ജലനിരപ്പുയർന്നു. കൂടൽ വലിയതോടു മഴയിൽ കരകവിഞ്ഞതിനെ തുടർന്ന് കലഞ്ഞൂർ കുറ്റുമൺ കോളനിയിൽ വെള്ളംകയറി. കൂടൽ, വകയാർ മേഖലകളിൽ പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി നാശം ഉണ്ടായിട്ടുണ്ട്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കരിക്കുടുക്കയിൽ റോഡിൽ വെള്ളം കയറി. വെട്ടൂർ, അട്ടച്ചാക്കൽ, കിഴക്കുപുറം പ്രദേശങ്ങളിലും പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു.

വീടുകളിൽ വെള്ളംകയറി

പന്തളം: ക​ന​ത്ത​മ​ഴയിൽ പന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാർഡിൽ പ​റ​ന്തൽ​ചി​റ​യ്​ക്കു സ​മീ​പം വീടുകളിൽ വെള്ളംകയറി. അ​ന​ധി​കൃ​തമാ​യ നി​ലം​നിക​ത്തൽ മൂ​ലം പരിസരത്തുള്ള തോട് കരകവിയുന്നതാണ് പ്രതിസന്ധിക്ക് കാരണം. പന്ത​ളം നഗരസഭ 15-ാം വാ​ർഡി​ലു​ള്ള സ​ന്തോ​ഷ്, 17-ൽ ചി​റയിൽ ദി​ലീ​പ് , ല​ക്ഷ്​മി​ഭവനിൽ അ​നീ​ഷ് , സു​രേ​ഷ് ഭ​വനിൽ അ​മ്മി​ണി എ​ന്നി​വരുടെ വീടുകളും വെള്ളക്കെട്ടിലാണ്.

അടൂരിലെ താഴ്ന്ന പ്രദേശങ്ങൾ പ്രളയഭീഷണിയിൽ

അടൂർ : കനത്ത മഴയെ തുടർന്ന് അടൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പല റോഡുകളിലും വെള്ളം കയറിയതോടെ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി. ശ്രീമൂലം മാർക്കറ്റ് - പന്നിവിഴ പാമ്പേറ്റു കുളം റോഡിൽ അൾസെയൻസ് സ്കൂളിന് സമീപത്തെ റോഡിൽ വെള്ളം കയറി. പള്ളിക്കലാറ്റിലും കല്ലടയാറ്റിലും ജലനിരപ്പുയർന്നിട്ടുണ്ട്. ഏനാത്ത് കളമല കരിപ്പാൽ ഏലയിൽ വെള്ളം കയറി. തോടിന്റെ സംരക്ഷണഭിത്തിയില്ലാത്ത ഭാഗത്ത് കൂടിയാണ് പാടത്ത് വെള്ളം കയറിയത്. നഗരത്തിലെ വലിയ തോട് കരകവിഞ്ഞ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പിന്നിലുള്ള ഇല്ലത്ത് തറയിലെ നാല് വീടുകളിൽ വെള്ളം കയറി. പഴകുളം പന്നിവിലേക്കിൽ ഭാഗത്ത് ശശി മംഗലശ്ശേരിൽ, മുരളി നിലമേൽ, സോമരാജൻ മംഗലശ്ശേരിൽ എന്നിവരുടെ വീടുകളിൽ വെളളം കയറി.

വെള്ളം കയറിയ പ്രദേശങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു,
അടിയന്തര സഹായമെത്തിക്കാൻ നിർദ്ദേശം

പന്തളം: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അടിയന്തര സഹായം നൽകാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും ചിറ്റയം പറഞ്ഞു. കൃഷിയിടങ്ങളിൽ വെള്ളം കയറി കർഷകർക്ക് നാശനഷ്ടമുണ്ടായി. പന്തളം തെക്കേക്കര, തോലുഴം, പന്തളം നഗരസഭയിലെ പറന്തൽ, കുരമ്പാല എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പറന്തൽ വല്ലാറ്റൂർ ഭാഗത്ത് പതിനൊന്ന് വീടുകളിലും കുരമ്പാല തോട്ടുകര ഭാഗത്ത് പത്തുവീടുകളിലും വെള്ളം കയറി. തോലുഴത്തും പത്ത് വീടുകൾ വെള്ളക്കെടുതിയിലാണ്. ഈ ഭാഗങ്ങളിൽ തോടുകൾ നിറഞ്ഞ് കവിഞ്ഞു.

മഴ മാറിയാൽ ഉടൻ തോടുകളുടെ ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടി വെള്ളം കയറുന്നത് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കും. മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി സ്പീക്കർ

Advertisement
Advertisement