പാലിയേക്കര ടോൾ: കാലാവധി നീട്ടിയതിൽ വിശദീകരണം തേടി
കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോളിന്റെ കാലാവധി 2028 വരെ നീട്ടുന്നതിനെതിരെ കെ.പി.സി.സി സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ദേശീയപാത അതോറിറ്റിയടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഹർജിയിൽ വിശദീകരണം നൽകണം.
ടോൾ പിരിവിലൂടെ പാത നിർമ്മാണത്തിനു ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും കാലാവധി നീട്ടി നൽകുന്നത് കൊള്ളലാഭമുണ്ടാക്കാൻ സഹായിക്കലാണെന്നുമാണ് ഹർജിക്കാരന്റെ വാദം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേരള ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചിരുന്നു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് ടോൾ പിരിവ് കരാറെടുത്തിട്ടുള്ളത്.