മൂഴിയാർ ഡാം ഷട്ടറുകൾ തുറന്നു

Monday 27 September 2021 11:24 PM IST

പത്തനംതിട്ട: വനമേഖലയിൽ കനത്ത മഴയെ തുടർന്ന് പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മൂഴിയാർ ഡാമിലെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് നിലവിൽ 192.63 മീറ്ററായി ഉയർന്നതിനാൽ ഡാമിന്റെ മൂന്നു ഷട്ടറുകൾ 50 സെ.മി എന്ന തോതിൽ ഉയർത്തി വെള്ളം പുറത്തേക്കു ഒഴുക്കി വിട്ടിരിക്കുകയാണ്. മണിയാർ ഡാമിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ പരമാവധി 150 സെ.മി എന്ന തോതിൽ ഉയർത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കക്കാട്ടാറിലും പമ്പയാറിലും 100 സെ.മീറ്റർവരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും മണിയാർ,​ ആങ്ങമൂഴി, സീതത്തോട്, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികൾക്കും ജില്ലാ ദുരന്തനിവാരണ വിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നൽകി. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.