ഭിന്നശേഷി സംവരണം: എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

Monday 27 September 2021 11:28 PM IST

കൊച്ചി: എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ 2020- 21ൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെപ്തംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭിന്നശേഷിക്കാർക്ക് സംവരണം നൽകാതെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഒഫ് ദി ബ്ളൈൻഡ് പ്രസിഡന്റ് കെ.ജെ. വർഗീസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ സ്റ്റേ ഉത്തരവ്. ഈ മാസം 24ന് മുമ്പ് നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ഡി.ഇ.ഒമാർക്കും ഡി.ഡി.ഇമാർക്കും നിർദ്ദേശം നൽകിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഭിന്നശേഷി സംവരണം പാലിക്കാതെയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ അത് ഹർജിയിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

ഒഴിവുകളുടെ നാല് ശതമാനത്തിൽ കുറയാതെ ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങൾക്കും ബാധകമായിരിക്കണമെന്ന് സർക്കാർ 2018ൽ ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ ഉത്തരവ് നൽകിയത്. ഉത്തരവ് സ്റ്റേ ചെയ്യുന്നത് നിയമന നടപടിയെ ബാധിക്കുമെന്നും എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കാൻ ചട്ടഭേദഗതി വേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചു. എന്നാൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകാതെയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് അവരുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടിയാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമനങ്ങളിൽ സംവരണം പാലിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.