തദ്ദേശഫണ്ട് ട്രഷറിയിൽ: ആശയക്കുഴപ്പം പരിഹരിക്കാൻ നീക്കം

Monday 27 September 2021 11:31 PM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം ട്രഷറിയിൽ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് സർക്കാർ. ഇതുസംബന്ധിച്ച് പ്രായോഗിക വിഷമങ്ങളോ ആശയകുഴപ്പങ്ങളോ ഉണ്ടെങ്കിൽ ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് പരിഹരിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ഉത്തരവിറങ്ങിയത്. തദ്ദേശസ്ഥാപനങ്ങൾക്ക് വസ്തുനികുതി, പ്രൊഫഷണൽ ടാക്സ്, വാടക തുടങ്ങി നിരവധിയിനങ്ങളിൽ വരുമാനമുണ്ട്. ഇതെല്ലാം അതതിടത്തെ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കുകയും ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുകയുമാണ് രീതി. എന്നാൽ ഇത് ട്രഷറിയിൽ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കണമെന്നാണ് ഈ 18ന് ഇറങ്ങിയ ഉത്തരവ്. 2022 ഏപ്രിൽ മുതലാണിത് പ്രാബല്യത്തിലാകുന്നത്. ഇതിനെതിരെ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ രംഗത്തെത്തിയിട്ടുണ്ട്. ട്രഷറിയുമായി ഇടപാടുനടത്താൻ കാലതാമസമുണ്ടാകുമെന്നാണ് ഇവരുടെ ആക്ഷേപം. മാത്രമല്ല പഞ്ചായത്തുകളിൽ ട്രഷറിയില്ല. താലൂക്ക് ആസ്ഥാനങ്ങളിലൊക്കെയാണ് സബ് ട്രഷറികൾ പ്രവർത്തിക്കുന്നത്. അതിനാലുണ്ടാകുന്ന ദൂരക്കൂടുതൽ ചെലവ് കൂട്ടുമെന്നും ആക്ഷേപമുണ്ട്. ഇത്തരം ആക്ഷേപങ്ങൾ ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് പരിഹരിക്കുമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. ട്രഷറിയിലേക്ക് അധിക ദൂരമുണ്ടെങ്കിൽ പരിഹാരമായി ഓൺലൈൻ സംവിധാനങ്ങളുണ്ട്. ട്രഷറിയിൽ ശമ്പള-പെൻഷൻ വിതരണ സമയങ്ങളിലും നിക്ഷേപമുള്ളവർക്ക് പണം പിൻവലിക്കാൻ തടസമില്ല. സ്വന്തം അക്കൗണ്ടിലെ പണം ഏത് സമയത്തും പിൻവലിക്കാനാകും. മാത്രമല്ല ട്രഷറി നിക്ഷേപത്തിന് രണ്ടുശതമാനം അധികപലിശയുണ്ട്. ഇത് നേട്ടമാണ്. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ പണം ബാങ്കുകളിൽ കുന്നുകൂടുന്നത് ഒഴിവാക്കാനും ട്രഷറിയിലെ ലിക്വിഡ് കാഷ് ലഭ്യത കൂട്ടുകയുമാണ് നടപടിയുടെ ലക്ഷ്യം. സർക്കാർ ട്രഷറി ശക്തമായിരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കി.

Advertisement
Advertisement