ഇരകളെത്തേടി 15000 കോടിയുടെ ഖത്തർ ഇടപാട് ചമച്ചു

Tuesday 28 September 2021 12:31 AM IST

കൊച്ചി: പുരാവസ്തു കച്ചവടത്തിന്റെ മറവിൽ ഉന്നത പൊലീസ്, രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കോടികൾ തട്ടിയതിന് ക്രൈംബ്രാഞ്ച് വല മുറുക്കുമ്പോഴും മറ്റൊരു തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു മോൻസൺ മാവുങ്കൽ. ഖത്തറിലെ രാജകുടുംബം ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ ഖത്തർ മ്യൂസിയത്തിനായി വാങ്ങാൻ തയ്യാറാണെന്നും 93 വസ്തുക്കളുടെ വില്പന 15,000 കോടി രൂപയ്ക്ക് ഉറപ്പിച്ചിരിക്കുകയാണെന്നും ഫേസ്ബുക്ക്, യൂ ട്യൂബ് ചാനൽ, വാട്സ്ആപ്പ് എന്നിവയിലൂടെ പ്രചരിപ്പിച്ചാണ് പുതിയ ഇരകളെ തേടിയത്. ചിലർ കെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. ഈ തട്ടിപ്പിന് മോൻസനൊപ്പം നി​ന്ന തൃശൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനഉടമ പോൾ ജോർജി​നെ​ ക്രൈംബ്രാഞ്ച് തെ​രയുകയാണ്.

ഇംഗ്ലണ്ടിലെ മ്യൂസിയത്തിലേക്ക് 10,000 കോടിയുടെ പുരാവസ്തുക്കൾ നൽകുന്നുണ്ടെന്നും മോൻസൺ അടുപ്പമുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച് ഇതിൽ തിരുത്തൽ വരുത്തിയാണ് ഇടപാടുകാരെ കാണിച്ചിരുന്നത്.

ഇരകൾ പരാതിയുമായി എത്തുമ്പോൾ മറ്റൊരാളെ കെണിയിൽ വീഴ്ത്തി കിട്ടുന്ന പണം നൽകി ഒത്തുതീർക്കുകയായി​രുന്നു പതി​വ്. മുഴുവൻ തുകയും ആവശ്യപ്പെടുന്നവ‌രെ പൊലീസ് ഉദ്യോഗസ്ഥരെ ഇറക്കി വി​രട്ടി​ ഒഴിവാക്കും. കൊച്ചി​യി​ലെയും ചേ‌ർത്തലയി​ലെയും പൊലീസിലെ ഉദ്യോഗസ്ഥർ മോൻസണെ സഹായി​ച്ചി​രുന്നുവെന്ന് പരാതിക്കാ‌ർ പറയുന്നു.

തനിക്കെതിരെ നിൽക്കുന്നവരെ വരുതിയിലാക്കിയിരുന്നത് ഗുരുതര ആരോപണം ഉന്നയിച്ച് ചേർത്തല പൊലീസിൽ പരാതി നൽകിയാണ്.

Advertisement
Advertisement