പ്രവാസി സംഘടന വഴി പരിചയം: ജിജിതോംസൺ
Tuesday 28 September 2021 12:53 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയെന്ന നിലയിലാണ് മോൻസൺ മാവുങ്കലിനെ പരിചയമുള്ളതെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ വ്യക്തമാക്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളാണ് താനും മോൻസണും. സംഘടനയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മോൻസണെ കണ്ടിട്ടുണ്ട്. പുരാവസ്തുശേഖരം കാണാൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ഭാര്യക്കൊപ്പം പോയി അത് കണ്ടിരുന്നു. എല്ലാം ഒറിജിനലാണോ എന്നതിൽ സംശയമുണ്ടായിരുന്നു. ആധികാരിക രേഖകളുണ്ടെന്നാണ് മോൻസൺ അവകാശപ്പെട്ടത്. ചിലതെല്ലാം കാണിക്കുകയും ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥനായതിനാൽ സഹായം ലഭിക്കില്ലെന്ന് മോൻസണ് മനസിലായിരുന്നു. ഡി.ജി.പിയെ അടക്കം പലരെയും അറിയാമോ എന്ന് ചോദിച്ചിരുന്നു'- ജിജി തോംസൺ പറഞ്ഞു.