മോൻസൺ മാവുങ്കലിന് ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധമെന്ന് ക്രൈംബ്രാഞ്ച്

Tuesday 28 September 2021 12:56 AM IST

കൊച്ചി: പുരാവസ്തു വില്പനയുടെ പേരിൽ പത്തു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി മോൻസൺ മാവുങ്കലിന് ഉന്നത രാഷ്‌ട്രീയ, ഉദ്യോഗസ്ഥ ബന്ധങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ വ്യക്തമാക്കി. ഉന്നതർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉന്നതരുമായി ബിസിനസിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും തട്ടിപ്പു നടത്താൻ ഉപയോഗിച്ചെന്നും എറണാകുളം അഡി. സി. ജെ.എം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സുനീഷ്. കെ. തങ്കച്ചൻ നൽകിയ റിപ്പോർട്ടിൽ ബോധിപ്പിച്ചു. മോൻസൺ മാവുങ്കലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

റിമാൻഡ് റിപ്പോർട്ടിൽ

 2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ കോഴിക്കോട് കൊടിയത്തൂർ സ്വദേശി യാക്കൂബ്, അനൂപ്. വി. അഹമ്മദ്, ഇ.എ. സലിം, എ.ടി. ഷെമീർ, സിദ്ദിഖ്, ഷാനിമോൻ എന്നിവരിൽ നിന്നായി കലൂരിലെ വാടകവീട്ടിൽ വച്ച് നേരിട്ടും അക്കൗണ്ട് വഴി കൈമാറ്റം ചെയ്തും പത്തു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

 പുരാവസ്തുക്കളും വജ്രവും വിദേശത്തു വിറ്റ വകയിൽ 26,200 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന എച്ച്. എസ്.ബി.സി ബാങ്കിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റ് കാണിച്ചാണ് തട്ടിപ്പു നടത്തിയത്. തുക നാട്ടിലെത്തിക്കാൻ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരമുള്ള

തടസങ്ങൾ നീക്കാൻ സാമ്പത്തിക സഹായം തേടിയാണ് പരാതിക്കാരെ സമീപിച്ചത്.

 മോൻസൺ മാനേജിംഗ് ഡയറക്ടറായ കലിംഗ കല്യാൺ പ്രൈവറ്റ് ലിമിറ്റഡ്, മോൻസൺ എഡിഷൻ കലിംഗ കല്യാൺ ഫൗണ്ടേഷൻ, കോസ്മോസ് തുടങ്ങിയ കമ്പനികളിൽ ഡയറക്ടർ ബോർഡ് അംഗമാക്കാമെന്നും ദീർഘകാലത്തേക്ക് ബിസിനസിനായി പലിശരഹിത വായ്പ നൽകി സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു. വിശ്വസിപ്പിക്കാനായി ഫെമ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയിലെ ട്രിബ്യൂണലിന്റെ വിധി വ്യാജമായി ഉണ്ടാക്കി.

 കലൂരിലെ വീട്ടിലുള്ള ആഡംബര കാറുകൾ കാണിച്ച് പരാതിക്കാരെ വിശ്വസിപ്പിച്ചു. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്ന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.

 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് സഹായികളുടെ അക്കൗണ്ടുകൾ വഴിയും മകളുടെ അക്കൗണ്ട് വഴിയുമാണ് പണം വാങ്ങിയത്. പന്തളം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിലും തിരുവനന്തപുരം ക്രൈംബ്രാഞ്ച് സ്റ്റേഷനിലും കേസുണ്ട്.

അന്വേഷിക്കുന്നത്

 തട്ടിയെടുത്ത പണം എന്തുചെയ്തു ?

 ബാങ്ക് അക്കൗണ്ട് രേഖകൾ എവിടെ?

 ബാങ്ക് സ്റ്റേറ്റ്മെന്റ് എങ്ങനെ തയ്യാറാക്കി?

 മറ്റാരുടെയെങ്കിലും സഹായം ഇതിനുണ്ടോ?

 ഫെമ കോടതി വിധിയുടെ വിശദാംശങ്ങൾ?

 പുരാവസ്തുക്കളും ഡയമണ്ടും കയറ്റിയയച്ചോ?

 വിദ്യാഭ്യാസ യോഗ്യത, ഓണററി ഡോക്ടറേറ്റുകളുടെ നിജസ്ഥിതി?

 പുരാവസ്തുക്കളുടെ കാലപ്പഴക്കം?

 കൂടുതൽ പ്രതികളുണ്ടോ?

Advertisement
Advertisement