പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ അമ്മയ്ക്ക് ആദരം

Tuesday 28 September 2021 1:13 AM IST

കൊച്ചി: 1971 ലെ ഇന്ത്യാ -പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് രാധാമോഹൻ നരേഷിന്റെ മാതാവ് സുഭദ്രാമ്മ (91)യെ കരസേന ആദരിച്ചു. കൊച്ചിയിലെ ആർമി കേന്ദ്രത്തിലെ കേണൽ ഡോ. സജി എബ്രഹാം കാക്കനാട്ടെ വീട്ടിലെത്തിയാണ് യുദ്ധവിജയത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ആദരിച്ചത്. രാധാമോഹന്റെ സഹോദരി എസ്. ശ്രീകല, സഹോദരൻ പ്രവീൺ നരേഷ്, ഭാര്യ ഡോ. ശോഭ പ്രവീൺ, മറിയം സജി എബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കരസേനയുടെ ജാട്ട് റെജിമെന്റിലെ സെക്കൻഡ് ലഫ്റ്റനന്റായിരുന്നു രാധാമോഹൻ നരേഷ്. 1971 ലെ യുദ്ധത്തിൽ ജമ്മു കാശ്‌മീരിലെ സൈനിക സംഘത്തെ നയിക്കുകയായിരുന്നു അദ്ദേഹം. മുനാവർ താവി നദി കടന്ന് പാക് സൈനികർ കാശ്‌മീർ പ്രദേശത്തേക്ക് കടക്കുന്ന വിവരം അറിഞ്ഞാണ് അദ്ദേഹം സ്ഥലത്തെത്തിയത്. പാക്ക് പട്ടാളത്തെ ധീരതയോടെ നേരിട്ട് ഇന്ത്യയുടെ സ്ഥലം സംരക്ഷിക്കാൻ കഴിഞ്ഞെങ്കിലും ശത്രുവിന്റെ വെടിയേറ്റ് അദ്ദേഹം വീരമൃത്യു വരിക്കുകയായിരുന്നു. അതിർത്തി സംരക്ഷിക്കുന്ന ജാട്ട് റെജിമെന്റിൽ ചേർന്ന് ഒരാഴ്ച തികയും മുമ്പായിരുന്നു പാക്ക് പട്ടാളത്തെ തുരത്തി അദ്ദേഹം വീരമൃത്യു വരിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ രാധാമോഹൻ തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക സ്കൂളിൽ പഠിച്ച ശേഷം 1967 ൽ സേനയിൽ ചേർന്നു. 20-ാം വയസിലായിരുന്നു വീരമൃത്യു വരിച്ചത്. കഴക്കൂട്ടം സൈനിക സ്കൂളിൽ പഠിച്ചവരിൽ ആദ്യമായി യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികനുമാണ്. ധീരനായ അദ്ദേഹത്തെ ആദരിക്കാൻ ജമ്മു കാശ്‌മീരിലും സൈനിക സ്കൂളിലും ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

രാജ്യരക്ഷയ്ക്ക് ധീരമൃത്യു വരിച്ച രാധാമോഹനോടുള്ള സൈന്യത്തിന്റെ ബഹുമതി അറിയിക്കാനാണ് അമ്മയെ ആദരിച്ചതെന്ന് കേണൽ ഡോ. സജി എബ്രഹാം പറഞ്ഞു.

Advertisement
Advertisement