ഇലക്ട്രിക് വാഹനത്തിൽ ആശങ്കയില്ലാതെ യാത്ര ചെയ്യാം, ജില്ല ചാ‌ർജ്ജിംഗിലേക്ക്

Tuesday 28 September 2021 12:00 AM IST

മലപ്പുറം: മൂന്ന് മാസത്തിനകം ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ വരും. ദേശീയ, സംസ്ഥാനപാതകളിലെ ഹോട്ടലുകൾ, മാളുകൾ, വിവിധ വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാവും ഇവ. ചാർജ്ജിംഗ് സ്‌റ്റേഷൻ തുടങ്ങാനുള്ള 25 അപേക്ഷകൾ അനർട്ട് ജില്ലാ അധികൃതർ സംസ്ഥാന ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. ഇവിടെ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർപ്രവർത്തനങ്ങൾ തുടങ്ങും.

ജില്ലയിലെ ആദ്യ ചാർജ്ജിംഗ് സ്റ്റേഷൻ പെരിന്തൽമണ്ണ ജൂബിലി ബൈപ്പാസിലെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്റ് കോംപ്ലക്സിലാവും തുടങ്ങുക. ഇതിനുള്ള നഗരസഭയുടെ അനുമതി അനർട്ടിന് ലഭിച്ചിട്ടുണ്ട്. ചാർജ്ജിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഒക്ടോബറിൽ തുടങ്ങും. അധികം വൈകാതെ തന്നെ ആദ്യ ചാർജ്ജിംഗ് സ്‌റ്റേഷൻ യാഥാർത്ഥ്യമാവും. നഗരസഭ പരിധികളിൽ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. പെരിന്തൽമണ്ണയിലെ ചാർജ്ജിംഗ് സ്റ്റേഷൻ കോഴിക്കോട് - പാലക്കാട് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്ക് പ്രയോജനപ്പെടുത്താനാവും. ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനത്തിലൂടെ 45 മിനിറ്റ് കൊണ്ട് 80 ശതമാനം ചാർജ്ജ് ചെയ്യാനാവും. വീടുകളിൽ നിന്ന് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഫുൾ ചാർജ്ജിംഗിന് സമയമെടുക്കും എന്നതാണ് ഇലക്ട്രിക് വാഹനങ്ങളുള്ളവർ നേരിടുന്ന വെല്ലുവിളി. രാത്രിയിൽ ചാർജ്ജിംഗ് ചെയ്യുന്ന രീതിയാണ് മിക്കവരുടെയും. ഒറ്റചാർജ്ജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന കാറുകളുണ്ടെങ്കിലും ദീർഘദൂര യാത്രക്കാർ ഇപ്പോഴും ഇന്ധന വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ചാർജ്ജ് തീർന്ന് വഴിയിൽ കുടുങ്ങുമോയെന്ന ആശങ്ക മൂലമാണിത്. വിവിധ ജില്ലകളിൽ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഇതിനകം തന്നെ ഒന്നിലധികം ചാർജ്ജിംഗ് സ്റ്റേഷനുകൾ വന്നിട്ടുണ്ട്.

രണ്ടുണ്ട് കാര്യം
ചാർജ്ജിംഗിന് വാഹനം നിറുത്തിയാൽ രണ്ടുണ്ട് കാര്യം. ഭക്ഷണം കഴിക്കുകയോ വിനോദങ്ങളിൽ ഏർപ്പെടുകയോ കൂടി ചെയ്യാം. ഇതു ലക്ഷ്യമിട്ട് ഹോട്ടലുകൾ, മാളുകൾ കേന്ദ്രീകരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാൻ അനർട്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അനർട്ടിന് നിലവിൽ ലഭിച്ച അപേക്ഷകളിൽ ഇത്തരം കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement