സുധാകരനോട് വിയോജിച്ച് മുല്ലപ്പള്ളി

Tuesday 28 September 2021 1:40 AM IST

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള ചർച്ചയിൽ സുധാകരനെ തള്ളിപ്പറഞ്ഞ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,വാർത്താലേഖകരുടെ മുന്നിലും അതു പ്രകടമാക്കി. താരിഖിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം.

അമ്പത് വർഷത്തിനിടെ സ്ലോട്ട് വച്ച് കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ലെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും മുല്ലപ്പള്ളി പറഞ്ഞു. ഫോണെടുക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമാണ്. മുതിർന്ന നേതാക്കൾക്ക് അങ്ങനെയൊരു പരാതിയില്ല. കെ.പി.സി.സി പ്രസിഡന്റ് എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നറിയില്ല.

എല്ലാവരും ആദരിക്കുന്ന നേതാവാണ് വി.എം. സുധീരൻ. ഒരുപാട് മൂല്യങ്ങളുയർത്തിപ്പിടിച്ച് ജീവിക്കുന്ന നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുമാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാനാവൂ. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടും ചേർത്തുപിടിച്ചും പാർട്ടി മുന്നോട്ടു പോകണം- മുല്ലപ്പള്ളി പറഞ്ഞു.

എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാർട്ടി മുന്നോട്ട് പോകുമെന്ന് താരിഖ് അൻവർ പ്രതികരിച്ചു. മുല്ലപ്പള്ളിയുടെ നിർദ്ദേശങ്ങൾ പാർട്ടിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.