ഗ്യാസ് സബ്സിഡി നയം പൊളിച്ചെഴുതാൻ കേന്ദ്രം

Tuesday 28 September 2021 3:40 AM IST

കൊച്ചി: വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) സബ്സിഡി പുനഃസ്ഥാപിക്കുന്നത് വൈകിയേക്കും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആഭ്യന്തര സർവേയിൽ പ്രധാനമായും രണ്ട് ഓപ്‌ഷനുകളാണ് ഉയർന്നത്. ഒന്ന്, സബ്സിഡി പൂർണമായും ഒഴിവാക്കുക. രണ്ട്, പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് മാത്രമായി സബ്സിഡി പുനഃസ്ഥാപിക്കുക.

സിലിണ്ടറിന് ആയിരം രൂപവരെ സബ്സിഡി ഇല്ലാതെ തന്നെ ചെലവാക്കാൻ ഉപഭോക്താക്കൾ തയ്യാറാണെന്ന കണ്ടെത്തലും സർവേയിലുണ്ട്. സിലിണ്ടറിന് ആയിരം രൂപ പരിധി നിശ്‌ചയിച്ച്, വില അതിൽ കൂടിയാൽ സബ്സിഡി പുനഃസ്ഥാപിക്കുന്നത് സർക്കാർ അലോചിക്കും.

വിലിയിടിഞ്ഞപ്പോൾ

സബ്സിഡി ഗ്യാസായി!

വർഷം 12 സിലിണ്ടറാണ് വീട്ടാവശ്യത്തിന് ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത്. 2020 മാർച്ചിൽ വിപണിവില 804 രൂപയായിരുന്നു. ആ മാസം സബ്സിഡിയായി ഉപഭോക്താവിന് 231 രൂപ ലഭിച്ചു. അതായത്, ഉപഭോക്താവിന് ചെലവായത് 573 രൂപ.

മേയിൽ വിപണിവില 589 രൂപയായി താഴ്‌ന്നു. ഇതോടെ, ഉപഭോക്താവിന് താങ്ങാവുന്ന വിലയാണിതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സബ്സിഡി നിറുത്തി. വില കൂടിയാൽ സബ്സി‌ഡി പുനഃസ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ വില വീണ്ടും കൂടി. ഇപ്പോൾ വില 894 രൂപയാണ്. അതായത്, സബ്സിഡി നൽകേണ്ട സാഹചര്യമായി. എന്നാൽ, കേന്ദ്രം മൗനം തുടരുകയാണ്.