ചർച്ചാ ദൗത്യവുമായി താരിഖ് : നേതാക്കളുമായി കൂടിക്കാഴ്ച

Tuesday 28 September 2021 1:57 AM IST

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനാ നീക്കങ്ങൾക്കിടെ, മുതിർന്ന നേതാക്കളുടെ അസ്വസ്ഥത പരിഹരിക്കാനുള്ള ചർച്ചാ ദൗത്യമേറ്റെടുത്ത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ.

കൊച്ചിയിലും തലസ്ഥാനത്തുമായി കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്ന താരിഖ് അൻവർ ഇന്നലെ തിരുവനന്തപുരത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, വി.എം. സുധീരൻ, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി. പാർട്ടി സമിതികളിൽ നിന്നുള്ള സുധീരന്റെ പ്രതിഷേധ രാജികൾ ചർച്ചകളെ വഴി തിരിച്ചുവിട്ടു. സുധീരന് പുറമേ, മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുധാകരനെതിരെ താരിഖിനോട് തുറന്നടിച്ചു. നേതാക്കളുടെ വികാരം കോൺഗ്രസ് അദ്ധ്യക്ഷയെയും രാഹുൽ ഗാന്ധിയെയും ധരിപ്പിക്കാമെന്ന് താരിഖ് വ്യക്തമാക്കിയതായാണ് വിവരം.

ഇന്നലെ രാവിലെ ആദ്യം മുല്ലപ്പള്ളിയെയാണ് താരിഖ് കണ്ടത്. തുടർന്ന്,യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനുമായി ചർച്ച നടത്തി. രാഷ്ട്രീയകാര്യ സമിതിയിലും, എ.ഐ.സി.സിയിലും നിന്നുള്ള സുധീരന്റെ രാജിയും ചർച്ചയായി. രാഷ്ട്രീയകാര്യ സമിതി യോഗം പുതിയ നേതൃത്വം വന്ന ശേഷം ഒരു തവണയാണ് കൂടിയതെന്നത് എല്ലാവരെയും വിഷമിപ്പിക്കുന്നുവെന്ന് ഹസ്സനും പറഞ്ഞതായി സൂചനയുണ്ട്. നേതൃതലത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് കാര്യങ്ങളറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടഞ്ഞുനിൽക്കുന്ന സുധീരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഹസ്സൻ വഴിയാണ് താരിഖ് ഇന്നലെ സമയം തേടിയത്. സുധീരനും തന്റെ പരിഭവങ്ങളും പ്രതിഷേധങ്ങളും തുറന്നടിച്ചു. പ്രശ്നപരിഹാരം ഹൈക്കമാൻഡിന്റെ പന്തിലേക്കിട്ട് കൊടുത്ത സുധീരൻ, തന്റെ പരാതികൾക്കുള്ള പരിഹാരത്തെ ആശ്രയിച്ചായിരിക്കും ഭാവിനീക്കങ്ങളെന്നും വ്യക്തമാക്കി.

ആറ് മണിയോടെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വഴുതക്കാട്ടെ വസതിയിലെത്തി താരിഖ് കണ്ടത്. സുധീരൻ ഉയർത്തുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ എടുക്കണമെന്നും, എല്ലാവരെയും ഉൾക്കൊണ്ടു പോകാനുള്ള സാഹചര്യം ഹൈക്കമാൻഡ് ഒരുക്കണമെന്നും രമേശ് പറഞ്ഞു. അങ്കമാലിയിൽ ചികിത്സയിലായതിനാൽ ഉമ്മൻ ചാണ്ടിയെ താരിഖിന് കാണാനായില്ല.

Advertisement
Advertisement