'ഞാൻ മാത്രമല്ല മോഹൻലാലും മുൻ ഡിജിപിയും അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്'; മോൻസൺ കൊച്ചിയിലെ തന്റെ അയൽവാസിയായിരുന്നെന്ന് നടൻ ബാല

Tuesday 28 September 2021 11:24 AM IST

കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ മുൻ ഡ്രൈവർ അജിത് നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടപെട്ടു എന്ന ആരോപണത്തോട് പ്രതികരിച്ച് നടൻ ബാല. കൊച്ചിയിൽ തന്റെ അയൽവാസിയായിരുന്നു മോൻസൺ മാവുങ്കൽ. മോൻസന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്. മോൻസൺ പിരിച്ചുവിട്ട ശേഷം അജിത്ത് തന്നെ വിളിച്ചതായും. അവർ തമ്മിലുണ്ടായ വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ മുന്നോട്ട്പോകാൻ താൻ ആവശ്യപ്പെട്ടെന്നും ബാല പറഞ്ഞു.

മോൻസണിനെതിരായ കേസ് പിൻവലിക്കണമെന്ന് ബാല ആവശ്യപ്പെട്ടു. എന്നാൽ പത്ത് വർഷം പട്ടിയെപ്പോലെ പണിയെടുത്ത തനിക്ക് നൽകിയ ബോണസാണ് മോൻസൺ നൽകിയ കള‌ളക്കേസുകളെന്ന് അജിത്ത് ബാലയോട് മറുപടി പറഞ്ഞു. നാല് മാസം മുൻപാണ് ഈ സംഭാഷണമുണ്ടായത്. മോൻസൺ പിരിച്ചുവിട്ട ശേഷമാണ് അജിത്ത് തന്നെ വിളിച്ചതെന്ന് ബാല പറയുന്നു.

തട്ടിപ്പ് നടത്തുന്ന ഒരു വ്യക്തിയാണ് മോൻസൺ മാവുങ്കലെന്ന് തോന്നിയിട്ടില്ലെന്ന് പ്രതികരിച്ച ബാല താൻ മാത്രമല്ല മോഹൻലാലും മുൻ ഡിജിപിയും അടക്കം അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും പറഞ്ഞു. താൻ മോൻസണെ പിന്തുണയ്‌ക്കുന്നില്ലെന്നും മറ്റുള‌ളവരിൽ നിന്നും പണം വാങ്ങിയെങ്കിൽ തിരിച്ചുനൽകാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണെന്നും തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും ബാല പ്രതികരിച്ചു.