മായം കലർന്ന കാലിത്തീറ്റ വ്യാപകം

Thursday 30 September 2021 12:50 AM IST
തമിഴ്നാട് അതിർത്തിയിലുള്ള ഗോപാലപുരത്തെ കാലിത്തീറ്റ നിർമ്മാണ കേന്ദ്രം.

ചിറ്റൂർ: അയൽ സംസ്ഥാനത്ത് നിന്നും മായം കലർന്ന കാലിത്തീറ്റകൾ സംസ്ഥാനത്തേക്കെത്തുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കാലിത്തീറ്റകളാണ് വിവിധ ബ്രാന്റുകളിൽ കേരളത്തിൽ എത്തിച്ച് വിറ്റഴിക്കുന്നത്.

ജില്ലയിൽ കിഴക്കൻ അതിർത്തിവഴി ദിനംപ്രതി 500 ഓളം ലോഡുകൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ മാത്രം കാലിത്തീറ്റ മിക്സിംഗ് നടത്തുന്ന നിരവധി ഗോഡൗണുകൾ ആരംഭിച്ചിട്ടുണ്ട്. ആയിരത്തിൽപ്പരം ഡീലർമാരാണ് ഇപ്പോൾ ഈ രംഗത്തുള്ളത്.

സംസ്ഥാനത്തുള്ള നിരവധി ചെറുകിട വൻകിട ഡയറിഫാമുകളും കാലിത്തീറ്റകൾ ലോഡ് കണക്കിനു വാങ്ങി കൂട്ടുന്നതായാണ് അറിവ്. ചെറുകിട ക്ഷീരകർഷകരും മായം ചേർത്ത കാലിത്തീറ്റ വാങ്ങാൻ മുൻനിരയിലുണ്ട്.

  • മായം കലർന്നതിനോട് പ്രിയം

ഗുണനിലവാരമുള്ള കാലിത്തീറ്റ മിൽമ ആവശ്യത്തിന് വിതരണം ചെയ്യുന്നുണ്ടെങ്കിലും അതിനേക്കാൾ ക്ഷീരകർഷകർക്ക് പ്രിയം മായം ചേർത്ത കാലിത്തീറ്റയോട്. കൊവിഡ് വ്യാപനം കൂടിയതോടെ വിവിധ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർ ഇപ്പോൾ ക്ഷീരമേഖലയിലാണ്. ഇത് മുതലെടുത്താണ് അയൽസംസ്ഥാന ലോബികൾ സംസ്ഥാനത്ത് പിടിമുറുക്കുന്നത്.

മിൽമ 50 കിലോയുടെ ചാക്കിന് 1200 രൂപ വരെ വാങ്ങുമ്പോൾ തമിഴ്നാട് ബ്രാൻഡഡ് കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 1000 രൂപയാണ്. അതിർത്തിയിലെ ഗോഡൗണുകളിൽ നിന്ന് 600 രൂപക്കും ലഭിക്കും. അതിർത്തിയിൽ തമിഴ്നാട്ടിലും കേരളത്തിലുമായി നൂറോളം വ്യാജ കാലിത്തീറ്റ നിർമ്മാണ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

  • ചേരുവകൾ മായം കലർന്നത്

അതിഥിതൊഴിലാളികളെ ഉപയോഗിച്ചാണ് കാലിത്തീറ്റകളിൽ ചേരുവകൾ ചേർക്കുന്നത്. ഇതിൽ മാരകമായ രാസവസ്തുക്കൾ ഉള്ളതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ബീർ വേസ്റ്റ്, കപ്പപ്പൊടി, വിവിധതരം തവിടുകൾ, ചുണ്ണാമ്പ്, യൂറിയ, മഞ്ഞൾപ്പൊടി, കടലപിണ്ണാക്ക് തുടങ്ങിയവയാണ് ചേരുവകൾ. ഇതിൽ കടലപിണ്ണാക്കും വിവിധതരം തവിടുകളും വേറെ മായംകലർന്നതാണ്.

പാൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനാണ് മായംകലർന്ന കാലിത്തീറ്റകൾ വ്യാപകമായി ഉയോഗിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ എന്നീ ജില്ലകളിലേക്കാണ് ഇവിടെ നിന്നും കൂടുതലായും കടത്തിപ്പോകുന്നത്. നിലവാരമില്ലാത്ത ഇത്തരം കാലിത്തീറ്റ ഉപയോഗിക്കുന്നതിനാൽ പാലിന്റെ ഗുണമേന്മ കുറവാണെന്ന പരാതിയുമുണ്ട്.

ഇക്കാര്യത്തിൽ അന്വേഷണമോ പരിശോധനാ സംവിധാനങ്ങളോ ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ കാലിത്തീറ്റകളുടെ ഉപയോഗം തടയണമെന്നും ഇതുമൂലം കറവപ്പശുക്കൾക്ക് രോഗങ്ങൾ പടരുന്നതായും മൃഗസംരക്ഷണ വകുപ്പുതന്നെ

വ്യക്തമാക്കിയിരുന്നു.

വസ്തുതകൾ

  • നിത്യേന എത്തുന്നത് 500 ലേറെ ലോഡ് കാലിത്തീറ്റ
  • മായം കലർന്ന തീറ്റയ്ക്ക് സംസ്ഥാനത്ത് 1000 ലേറെ ‌ഡീലർമാർ
  • കാലിത്തീറ്റ ക്ഷീര കർഷകർക്കും പ്രിയം, കാരണം വിലക്കുറവ്
  • മിൽമ കാലിത്തീറ്റയ്ക്ക് വില - 1200, മായം തീറ്റയ്ക്ക് - 1000
  • മായം കലർന്ന കാലിത്തീറ്റ സംഭരണം നടക്കുന്നത് അതിർത്തിയിൽ
  • മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലേക്ക് കടത്ത്

Advertisement
Advertisement