കേരളബാങ്കിന് വൻകുതിപ്പ് 61.99കോടിരൂപയുടെ ലാഭം, നിക്ഷേപത്തിലും ഇടപാടിലും വൻവർദ്ധന

Thursday 30 September 2021 12:09 AM IST

തിരുവനന്തപുരം: ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യസാമ്പത്തിക വർഷത്തിൽ കേരളബാങ്ക് 61.99കോടിരൂപയുടെ ലാഭം നേടിയതായി മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപത്തിലും ഇടപാടിലും കേരളബാങ്ക് വൻകുതിപ്പ് നേടി.

വാണിജ്യബാങ്കുകളുമായി മത്സരിക്കാൻ ശേഷിയുള്ള ബാങ്കായി വികസിക്കുന്നതിന്റെ ഭാഗമായി ഐ.ടി ഇന്റഗ്രേഷനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി പർച്ചൈസ് ഓർഡർ നൽകി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ,മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും. ഇന്റഗ്രേഷൻ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ മികച്ച ബാങ്കുകളിൽ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.


കിട്ടാക്കടം 25ശതമാനത്തിൽ നിന്ന് 14.40ശതമാനമായും സഞ്ചിതനഷ്ടം 1151കോടിയിൽ നിന്ന് 714കോടിയായും കുറഞ്ഞു.

നബാർഡ് വഴിയുള്ള പുനർവായ്പ സൗകര്യം 4315കോടിയിൽ നിന്ന് 6058കോടി രൂപയായി ഉയർന്നു. പ്രാഥമികസഹകരണസംഘങ്ങൾ വഴി നിബന്ധനകൾ പാലിക്കുന്ന പദ്ധതികൾക്ക് രണ്ട് കോടിരൂപവരെ നാല് ശതമാനം പലിശനിരക്കിൽ വായ്പ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം പലിശസബ്സിഡിയും നൽകും. ഫലത്തിൽഒരു ശതമാനം നിരക്കിൽ വായ്പ ലഭ്യമാകും.

 നിക്ഷേപവളർച്ച: 61071കോടിരൂപ - 66731കോടി

 ഇടപാടുകളിൽനിന്ന് : 1,06,396കോടി രൂപ (2021 മാർച്ച് 31 വരെ)

 വളർച്ച: 9.27ശതമാനം

 പുതുതായി കെ.ബി.മൈക്രോ ഫുഡ് പ്രോസസിംഗ് സ്‌കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട,ഇടത്തരംസംരംഭമേഖലയിലുള്ള മൈക്രോസംരംഭങ്ങൾക്ക് വായ്പ നൽകുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് എം.എസ്.എം.ഇ.ഫിനാൻസ് പദ്ധതി,സ്‌കൂൾ കുട്ടികൾക്കായി രക്ഷിതാക്കൾക്ക് കൂടി പ്രയോജനപ്രദമായ സേവിംഗ്സ് അക്കൗണ്ട് കെ.ബി.വിദ്യാനിധി എന്നിവ ആരംഭിക്കും.
സഹകരണമേഖല കാലാകാലങ്ങളിൽ നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൂടാതെ റിസർവ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പിലാക്കും.

വി.എൻ.വാസവൻ

മന്ത്രി

Advertisement
Advertisement