കാട്ടാനകളുടെ വിഹാരഭൂമി​യി​ൽ മോളിയുടെ കാർഷിക വിപ്ലവം

Thursday 30 September 2021 12:27 AM IST
മോളി​ കൃഷി​യി​ടത്തി​ൽ. ഫോട്ടോ: അനുഷ് ഭദ്രൻ

കൊച്ചി: 56കാരി മോളിയെ മികച്ച വനിതാ കർഷകയായി വേങ്ങൂർ പഞ്ചായത്ത് ആദരിച്ചപ്പോൾ വർഷങ്ങൾ വന്യമൃഗങ്ങളോട് മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ച വിധവയായ ഒരു വീട്ടമ്മയുടെ അതിജീവനപോരാട്ടത്തിനുള്ള അംഗീകാരവുമായത്.

കാട്ടാനകളും കാട്ടുപന്നിയുമുൾപ്പെടെ വിഹരിക്കുന്ന വനാതിർത്തിയിലെ കുറുവാനപ്പാറയിൽ ഒരേക്കറിലാണ് കോതമംഗലം കോട്ടപ്പടി പൈനേടത്ത് വീട്ടിൽ മോളി തെങ്ങും കപ്പയും വാഴയും പച്ചക്കറിയുമൊക്കെയായി 100 മേനി വി​ളയി​ക്കുന്നത്.

വന്യമൃഗശല്യം കാരണം പരിസരത്തെ കർഷകർ ഭക്ഷ്യവിളകൾ പാടേ ഉപേക്ഷിച്ചെങ്കിലും മോളി ഒറ്റയാൾ പോരാട്ടം തുടരുന്നു. സന്ധ്യമയങ്ങിയാൽ വന്യമൃഗങ്ങൾ കയറിയിറങ്ങുന്ന മണ്ണ്. പകൽ മയിൽ ശല്യം. റബർ തൈകൾ പോലും പറിച്ചുതിന്നുന്നതാണ് ആനയുടെ ശീലം. ഇതൊന്നും മോളിയെ അലട്ടിയില്ല. ഇഞ്ചി, മഞ്ഞൾ, വാഴ, കപ്പ, ചേമ്പ്, പച്ചക്കറി എന്നിങ്ങനെ ഹ്രസ്വകാലവിളകൾ കൃഷിചെയ്തു. എന്തുകൊണ്ടോ നാളിതുവരെ മോളിയുടെ വിളകളിൽ വന്യമൃഗങ്ങൾ കൈവച്ചിട്ടില്ല.

വീടിനോട് ചേർന്ന് സ്റ്റീൽ ഫർണിച്ചർ നിർമ്മാണം നടത്തിവന്ന ഭർത്താവ് ഡേവിസ് 2018ൽ മരി​ച്ചതോടെ എം.ഫിൽ വിദ്യാർത്ഥിനിയായ മകളുടെ വിദ്യാഭ്യാസവും ഫർണിച്ചർ ഫാക്ടറിയുടെ കടങ്ങളും ഉൾപ്പെടെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതകളും മോളിയുടെ ചുമലിലായി. പി​ന്നാലെ സ്തനാർബുദവും പിടിപെട്ടു. ഒരു ശസ്ത്രക്രിയയും എട്ട് കീമോതെറാപ്പിയും നടത്തി. രോഗംകൊണ്ട് ശരീരം തളരുമ്പോഴും മനോബലം കൈവിട്ടില്ല. അതിജീവനത്തിന് കൃഷി മാത്രമാണ് ഏകപരിഹാരമെന്നായപ്പോൾ രണ്ടുംകല്പിച്ച് മണ്ണിലേക്ക് ഇറങ്ങുകയായിരുന്നു.

വന്യമൃഗശല്യം

മലയാറ്റൂർ കോടനാട് റേഞ്ചിന്റെ ഭാഗമായ കോട്ടപ്പാറ പ്ലാന്റേഷന്റെ അതിർത്തിയിലാണ് കുറുവാനപ്പാറ. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടാനകൾ കർഷകരുടെ വളർത്തുമൃഗങ്ങളെപ്പോലും വെറുതെവിടാറില്ല. പറമ്പിൽ കയറുന്ന കാട്ടാനകൂട്ടത്തെ ടോർച്ചടിച്ചും ശബ്ദമുണ്ടാക്കിയും വിരട്ടിയോടിക്കും. സ്ത്രീകളുടെ ശബ്ദം കേട്ടാൽ ആന പോവില്ല. അതുകൊണ്ട് തൊണ്ടയിൽ നിന്ന് പ്രത്യേകരീതിയിൽ ആൺശബ്ദമുണ്ടാക്കി മിമിക്രിക്കാരിയാകും. ആനയെ തുരത്താൻ കൂട്ടായി വളർത്തുനായ്ക്കളായ റോസിയും ടിപ്പുവുമുണ്ട്.

Advertisement
Advertisement