പ്ലാസ്റ്റിക് 'നാടുകടത്തലിൽ" കുഞ്ഞബ്‌ദുള്ള കോടിപതി

Thursday 30 September 2021 12:00 AM IST
യു. കെ കുഞ്ഞബ്ദുള്ള കൈതക്കാടുള്ള പ്ലാന്റിലെ മാലിന്യങ്ങൾക്ക് നടുവിൽ

കാസർകോട്: ജീവിതം വഴിമുട്ടിച്ച പ്ലാസ്റ്റിക് മാലിന്യത്തെ 'നാടുകടത്തി"യും സംസ്‌കരിച്ചും കോടികൾ സമ്പാദിച്ച യുവാവ് ജോലി നൽകുന്നത് 1000 ത്തിലധികം പേർക്ക്. കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കാസർകോട് കൈതക്കാട് സ്വദേശി യു.കെ. കുഞ്ഞബ്ദുള്ളയുടെയും (39) സഹപ്രവർത്തകരുടെയും ജീവിതം മാറ്റിമറിച്ചത്.

അജൈവ മാലിന്യങ്ങൾ സംസ്‌കരിച്ചും തരംതിരിച്ചും വിവിധ സംസ്ഥാനങ്ങളിലെ 21 പ്ലാന്റുകളിലേക്കും സിമന്റ്, സ്റ്റീൽ കമ്പനികളിലേക്കുമാണ് കയറ്റി അയയ്ക്കുന്നത്.

അഞ്ചു വർഷം കൊണ്ട് ഒരു കോടിക്ക് മുകളിൽ വരുമാനമുണ്ടാക്കിയ മാജിക്കാണ് കുഞ്ഞബ്ദുള്ളയുടെ ജീവിതം. 2020-21 സാമ്പത്തിക വർഷം 1.80 കോടിയാണ് അബ്ദുള്ളയുടെ 'മഹ്‌യൂബ" എന്ന കമ്പനിയുടെ ടേണോവർ. വീണ്ടും ഉത്പാദിപ്പിക്കാവുന്ന തരത്തിൽ തയ്യാറാക്കിയ 100 ലധികം അസംസ്കൃത മാലിന്യങ്ങളാണ് കയറ്റി അയയ്ക്കുന്നത്. 10 വർഷം മുമ്പ് കൃഷിയിലേക്കിറങ്ങിയ ഈ ബി.കോം ബിരുദധാരിയായ കുഞ്ഞബ്ദുള്ള തന്റെ 400 വാഴകൾ മഴയിൽ ഒഴുകിയെത്തിയ മാലിന്യം മൂടി നശിച്ചപ്പോഴാണ് പ്ളാസ്റ്റിക്കിനോട് യുദ്ധം പ്രഖ്യാപിച്ചത്.

 ആശയം തേടി

റീസൈക്കിൾ പ്ലാന്റിനുള്ള ആശയം തേടി ഈറോഡ്, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കുഞ്ഞബ്ദുള്ള പോയിരുന്നു. 2015ലാണ് 85 ലക്ഷം രൂപയ്‌ക്ക് വീട്ടിനടുത്തുള്ള ഒരേക്കറിൽ 'മഹ്‌യൂബ" എന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. പി.വി.സി പൈപ്പാണ് ഇവിടെ മുഖ്യമായി നർമ്മിക്കുന്നത്. വേസ്റ്റ് മാനേജ്‌മെന്റിൽ സ്റ്റാർട്ടപ്പ് രജിസ്‌ട്രേഷനും ഐ.എസ്.ഒ സർട്ടിഫിക്കറ്റും സമ്പാദിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, തൃശൂർ എന്നിവിടങ്ങളിലും പ്ലാന്റുകൾ സ്ഥാപിച്ചു.

 മാലിന്യം എത്തുന്നത്

പഞ്ചായത്തുകളിലെ ഹരിതസേനകൾ ശേഖരിക്കുന്ന മാലിന്യം അബ്ദുള്ളയ്‌ക്ക് സൗജന്യമായി ലഭിക്കും. ഇവ വേർതിരിച്ച് ചാക്കുകളിലാക്കും. കിലോയ്‌ക്ക് ഏഴു രൂപയാണ് തരംതിരിക്കാൻ തൊഴിലാളിക്ക്. ആറുവർഷം കൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം 5,500 ടൺ മാലിന്യമാണ് കയറ്റിവിട്ടത്. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാസം 20 ടൺ മിനറൽ വാട്ടർ ബോട്ടിലുകളാണ് കയറ്റി അയയ്ക്കുന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കുമയയ്ക്കും. തൃശൂർ എൻജിനിയറിംഗ് കോളേജുമായി ചേർന്ന് 50 ലക്ഷം രൂപയ്‌ക്ക് പ്ലാന്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഒപ്പം 'ഈസി ബിൻ" ആപ്പും തുടങ്ങും.

 നാലു തരം ചാക്കുകൾ

1. പ്ലാസ്റ്റിക്, പേപ്പർ, ബ്രഷ്, അലൂമിനിയം, പാൽ കവർ.

2. റെക്സിൻ, ബാഗ്, ചെരുപ്പ്, റബർ വസ്‌തുക്കൾ, സി.ഡികൾ

3. ഗ്ലാസ്, കുപ്പിച്ചില്ലുകൾ, ട്യൂബ്.

4. ബൾബ്, സി.എഫ്.എൽ, ഇലക്ട്രോണിക് മാലിന്യങ്ങൾ

Advertisement
Advertisement