തൃക്കാക്കരയിൽ കസേരയുദ്ധം തുടരുന്നു

Thursday 30 September 2021 12:39 AM IST
നഗരസഭ

• ജോലിക്ക് കയറരുതെന്ന് ചെയർപേഴ്സൻ; ബാധകമല്ലെന്ന് പുതിയ സെക്രട്ടറി


തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ സെക്രട്ടറിമാർ തമ്മിൽ തർക്കം തുടരുന്നു. സ്ഥലംമാറ്റപ്പെട്ട സെക്രട്ടറി കെ.എൻ.കൃഷ്ണകുമാർ സെക്രട്ടറിയുടെ കാബിനിലും പുതിയ സെക്രട്ടറി ബി.അനിൽകുമാർ സൂപ്രണ്ടിന്റെ കാബിനിലുമിരുന്നാണ് ഭരണം. ചൊവ്വാഴ്ച രണ്ടുപേരും സെക്രട്ടറിയുടെ കാബിനിലായിരുന്നു.

പുതിയ സെക്രട്ടറി തൽക്കാലം ജോലിയിൽ നിന്ന് മാറിനിൽക്കണമെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ ഇന്നലെ ഉത്തരവിട്ടു. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 229 പ്രകാരം സർക്കാരിന്റെയോ കോടതിയുടെയോ ഉത്തരവുണ്ടാവും വരെ ജോലിയിൽ കയറരുതെന്നായിരുന്നു നിർദേശം. കോപ്പി മുഴുവൻ സെക്ഷനുകളിലേക്കും കൗൺസിലർമാർക്കും നൽകി. നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.

എന്നാൽ ഉത്തരവ് ചെയർപേഴ്സന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ബി. അനിൽകുമാർ മറുപടി നൽകി. സെക്രട്ടറിയെന്ന നിലയിൽ ജോലിയിൽ വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാമെന്നും കത്തിൽ പറയുന്നു.

മുൻ സെക്രട്ടറി കെ.എൻ.കൃഷ്ണകുമാർ സെപ്തംബർ ഒന്നുമുതൽ ഓഫീസിൽ വന്നതിന്റെ രേഖകൾ ഒന്നുമില്ലെന്നും അദ്ദേഹം ലീവ് എടുത്തതായി കാണുന്നില്ലെന്നും ചെയർപേഴ്സ്ന്റെ ഉത്തരവിന് മറുപടിയായി നൽകിയ കത്തിൽ പറയുന്നു.

ഫയൽ നീക്കം നിലച്ചു, ഭരണം സ്തംഭിച്ചു

രണ്ട് സെക്രട്ടറിമാരുടെയും അധികാര വടംവലിയിൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. ഒടുവിൽ ഇരുസെക്രട്ടറിമാർക്കും ഫയലുകൾ നൽകേണ്ടെന്ന് ഉദ്യോഗസ്ഥരും നിലപാട് സ്വീകരിച്ചതോടെ നഗരസഭയുടെ ദൈനദിന പ്രവർത്തനങ്ങൾ താളംതെറ്റി.

സെക്രട്ടറി മാറിയത് സംബന്ധിച്ച് ബാങ്കുകൾക്കും ട്രഷറിയിലും അറിയിപ്പ് നൽകണമെന്ന് ബി.അനിൽ കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇനിമുതൽ എല്ലാ ഫയലുകളും താൻ കണ്ടിട്ട് മാത്രമേ തീർപ്പ് കൽപിക്കാൻ പാടുളളൂവെന്ന് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് വഴിയും നിർദേശം നൽകി. ഇതിന് വിരുദ്ധമായി ഫയൽ നീങ്ങുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കിനും സൂപ്രണ്ടിനും മുനിസിപ്പൽ എൻജിനീയർക്കുമാണെന്ന് അറിയിപ്പിൽ പറയുന്നു.

പാർലിമെന്ററി പാർട്ടി യോഗം: സ്വതന്ത്രന്മാർ വിട്ടുനിന്നു

തൃക്കാക്കര നഗരസഭയിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് സ്വതന്ത്രാംഗങ്ങൾ വിട്ടുനിന്നു. നേതൃത്വം നൽകിയ വാഗ്‌ദാനം പാലിച്ചില്ലെന്നാരോപിച്ചാണിത്.

നാല് സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് തൃക്കാക്കര യു.ഡി.എഫ് ഭരിക്കുന്നത്. ഇന്നത്തെ കൗൺസിൽ യോഗത്തിന് മുന്നോടിയായി ചേർന്ന പാർലിമെന്ററി പാർട്ടി യോഗം അബ്‌ദു ഷാന, ഓമന സാബു, ഖാദർ കുഞ്ഞ്, വർഗീസ് പ്ലാശ്ശേരി എന്നിവരാണ് ബഹിഷ്കരിച്ചത്. നഗരസഭയിലെ ഭരണ കാര്യങ്ങൾ തീരുമാനിക്കുന്നതിനായി രൂപീകരിച്ച ഉപസമിതിയിൽ തങ്ങളെ ഉൾപ്പെടുത്താമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കാത്തതാണ് പ്രശ്നമായത്.

Advertisement
Advertisement